പത്തനംതിട്ട: മണ്ഡലകാല മകര വിളക്ക് തീർഥാടനത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. വൈകിട്ട് 5ന് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറക്കും. തുടർന്ന് മേൽശാന്തി പതിനെട്ടാം പടിയിറങ്ങി ശ്രീകോവിലിൽ നിന്നുള്ള ദീപംകൊണ്ട് ആഴി ജ്വലിപ്പിക്കും. പതിനെട്ടാം പടിക്കു താഴെ ഇരുമുടിക്കെട്ടേന്തി കാത്തുനിൽക്കുന്ന നിയുക്ത മേൽശാന്തിമാരെ അദ്ദേഹം സന്നിധാനത്തേക്ക് ആനയിക്കും.
6.30ന് ശബരിമല സോപാനത്ത് നിയുക്ത ശബരിമല മേൽശാന്തി പ്രസാദ് നമ്പൂതിരിയെ തന്ത്രി അഭിഷേകം ചെയ്ത് സ്ഥാനാരോഹണം നടത്തും. തുടർന്ന് മാളികപ്പുറം ക്ഷേത്രനടയിൽ നിയുക്ത മേൽശാന്തി മനു നമ്പൂതിരിയുടെ അവരോധിക്കൽ ചടങ്ങും നടക്കും. ഞായറാഴ്ച പൂജകൾ ഇല്ല. തിങ്കളാഴ്ച പുലർച്ചെ മൂന്നിന് വൃശ്ചിക പുലരിയിൽ പുതിയ മേൽശാന്തിമാർ ശബരിമല, മാളികപ്പുറം നടകൾ തുറക്കുന്നതോടെ തീർഥാടനം തുടങ്ങും. ദിവസവും പുലർച്ചെ മൂന്നുമുതൽ ഉച്ചയ്ക്ക് ഒരു മണിവരെയും ഉച്ചകഴിഞ്ഞ് മൂന്നു മുതൽ രാത്രി 11 വരെയുമാണ് ദർശനം.
ഡിസംബർ 2 വരെ വെർച്യുൽ ക്യൂ ബുക്കിങ്ങിൽ ഒഴിവില്ല. 70,000 പേർ ഡിസംബർ രണ്ട് വരെ വെർച്യുൽ ക്യൂ വഴി ദർശനം ബുക്ക് ചെയ്തിട്ടുണ്ട്. 20,000 പേർക്ക് സ്പോട്ട് ബുക്കിങ് വഴി ദർശനം നടത്താം. ഒരു ദിവസം 90,000 പേർക്കാണ് ദർശനത്തിന് അനുമതി നൽകിയിട്ടുള്ളത്.

