ധാക്ക: ബംഗ്ലദേശിലെ സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്തിയ കേസിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. ദി ഇന്റർനാഷനൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലദേശാണ് (ഐസിടി-ബിഡി) ശിക്ഷ വിധിച്ചത്. ഈ വർഷം ഓഗസ്റ്റ് 3നാണ് ഷെയ്ഖ് ഹസീനയെ വിചാരണ ചെയ്യാൻ പ്രത്യേക ട്രൈബ്യൂണൽ അനുമതി നൽകിയത്. ഹസീനയുടെ അഭാവത്തിലും കൂട്ടക്കൊല, പീഡനം തുടങ്ങി 5 കുറ്റകൃത്യങ്ങൾ ചുമത്തിയാണ് വിചാരണ നടന്നത്. ഷെയ്ഖ് ഹസീന അധികാരം ഉപയോഗിച്ച് മാനവികതയ്ക്ക് മേൽ ആക്രമണം നടത്തിയതായി കോടതി വിലയിരുത്തി. പ്രക്ഷോഭകാരികൾക്ക് മേൽ മാരകായുധങ്ങൾ പ്രയോഗിക്കാൻ ഉത്തരവിട്ടു. വിദ്യാർഥികൾക്ക് നേരെ ഉണ്ടായ വെടിവയ്പ്പിനെ കുറിച്ച് ഹസീനയ്ക്ക് അറിവുണ്ടായിരുന്നു എന്നും കോടതി വിലയിരുത്തി.
ഹെലികോപ്റ്റർ ഉപയോഗിച്ച് പ്രതിഷേക്കാർക്ക് നേരെ ആക്രമണം നടത്താൻ ഷെയ്ഖ് ഹസീന നിർദേശിച്ചു. പൊലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ട അബു സയ്യിദ് എന്ന വിദ്യാർഥിയുടെ മൃതദേഹ പരിശോധനാ റിപ്പോർട്ട് ഡോക്ടർമാരെ ഭീഷണിപ്പെടുത്തി തിരുത്തൽ നടത്തിയെന്നും കോടതി
പറഞ്ഞു.

