ന്യൂഡൽഹി: ടിപി വധക്കേസ് പ്രതികൾക്ക് ജാമ്യം അനുവദിക്കാതെ സുപ്രീം കോടതി. ഇത് കൊലപാതകക്കേസ് ആണെന്നും കേസിന്റെ മെറിറ്റ് അറിയാതെ ജാമ്യം അനുവദിക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ മുഖ്യപ്രതി ജ്യോതി ബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ ആയിരുന്നു ജസ്റ്റിസുമാരായ സജ്ജീവ് കരോളും എസ് സി ശർമ്മയുമടങ്ങുന്ന ബെഞ്ച് നിലപാട് വ്യക്തമാക്കിയത്.
രണ്ട് ജാമ്യ ഹർജികളാണ് കോടതി പരിഗണിച്ചത്. ജാമ്യഹർജിയാണെങ്കിലും കൊലപാതക്കേസായതിനാൽ കേസ് സംബന്ധിച്ച രേഖകൾ പരിശോധിക്കാതെ ജാമ്യം നൽകാനാകില്ലെന്ന് കോടതി പറഞ്ഞു. കേസിൽ രേഖകൾ ഹാജരാക്കാനും സുപ്രീം കോടതി നിർദേശം നൽകി.
ഇതിനിടെ സർക്കാർ അഭിഭാഷകനായ പി.വി. ദിനേശും കെ.കെ. രമയുടെ അഭിഭാഷകനായ ആർ. ബസന്തും തമ്മിൽ വാക്കേറ്റമുണ്ടായി. സർക്കാരും പ്രതികളും തമ്മിൽ ഒത്തുകളിക്കുന്നുവെന്ന ആർ ബസന്ത് വാദം ഉന്നയിച്ചതോടെയാണ് പരസ്പര ആരോപണങ്ങളുയർന്നത്. ഇതിന് മറുപടിയായി പരാതിക്കാരിയ്ക്ക് അനുകൂമായി നിൽക്കാൻ സർക്കാരിന് കഴിയില്ലെന്ന് പി.വി. ദിനേശ് പറഞ്ഞു. ഒടുവിൽ ജസ്റ്റിസ് സജ്ജയ് കരോൾ ഇടപെടുകയായിരുന്നു.
ടി.പി. വധക്കേസിൽ ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബുവിന് ഇടയ്ക്കിടെ ജാമ്യം അനുവദിക്കുന്നതിനെ എതിർത്ത് കെ കെ രമ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു. കഴിഞ്ഞ 12 വർഷത്തിനിടയിൽ കേസിൽ ശിക്ഷിക്കപ്പെട്ട മൂന്ന് പേർക്ക് ആയിരം ദിവസത്തിലധികം പരോൾ അനുവദിച്ചു.

