ദുബായ്: യുഎഇയിൽ ദുബായ് എയർഷോയിൽ അഭ്യാസ പ്രകടനത്തിനിടെ തേജസ് യുദ്ധവിമാനം തകർന്ന് പൈലറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഇന്ത്യൻ വ്യോമസേന ദുബായ് ഏവിയേഷൻ അതോറിറ്റിയുമായി ചർച്ചകൾ നടത്തുകയാണിപ്പോൾ. വിമാനത്തിന്റെ ബ്ലാക് ബോക്സിനായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പൈലറ്റിന് ഇജക്ട് ചെയ്ത് രക്ഷപ്പെടാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നു പരിശോധിക്കും. ഹിമാചൽ പ്രദേശിലെ കാൻഗ്ര സ്വദേശി സ്ക്വാഡ്രൺ ലീഡർ നമൻ സ്യാൽ ആണ് മരിച്ചത്. ഇന്നലെ പ്രാദേശിക സമയം ഉച്ചയ്ക്ക് 2.15ന് അൽ-മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു അപകടം.
കഴിഞ്ഞ കൊല്ലം മാർച്ചിൽ ജയ്സൽമേറിൽ അപകടമുണ്ടായിരുന്നെങ്കിലും പൈലറ്റ് ഇജക്ട് ചെയ്ത് രക്ഷപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അപകടത്തെക്കുറിച്ച് ചർച്ച ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. തദ്ദേശീയ തേജസ് എംകെ1 യുദ്ധവിമാനങ്ങളുടെ ചരിത്രത്തിലെ രണ്ടാമത്തെ അപകടമാണ് ദുബായിൽ നടന്നത്. ദുബായ് എയർ ഷോയുടെ അവസാന ദിവസം ഇന്ത്യൻ വ്യോമസേനയുടെ സൂര്യ കിരൺ സംഘവും തേജസുമാണ് വ്യോമാഭ്യാസ പ്രകടനം നടത്തിയത്. സൂര്യകിരൺ സംഘത്തിന്റെ പിന്നാലെയായിരുന്നു തേജസിന്റെ പ്രകടനം. വിമാനം നിലംപതിച്ചതോടെ എയർ ഷോ താൽക്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു.

