ഹൈദരാബാദ്: കൂടുതൽ റഫാൽ യുദ്ധവിമാനങ്ങൾക്കുള്ള ഓർഡർ ലഭിച്ചാൽ ഇന്ത്യയിൽത്തന്നെ നിർമിക്കാൻ (അസംബ്ലി യൂണിറ്റ്) തയാറാണെന്ന് ഫ്രഞ്ച് വിമാനനിർമാണക്കമ്പനി സഫ്രാൻ അറിയിച്ചു. അങ്ങനെയെങ്കിൽ ഫ്രാൻസിനു പുറത്ത് ഈ സൗകര്യം ഏർപ്പെടുത്തുന്നത് ആദ്യമായി ഇന്ത്യയിലായിരിക്കുമെന്നും സഫ്രാൻ സിഇഒ ഒലിവിയർ ആൻഡ്രിസ് പറഞ്ഞു. ഫ്രാൻസിലെ ദാസോ ഏവിയേഷൻ നിർമിക്കുന്ന റഫാൽ യുദ്ധവിമാനങ്ങൾക്ക് എൻജിൻ, ലാൻഡിങ് ഗിയർ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ തുടങ്ങിയവ നൽകുന്ന സ്ഥാപനമാണ് സഫ്രാൻ.
റഫാൽ വിമാനങ്ങളിൽ ഉപയോഗിക്കുന്ന ലീപ് എൻജിനുകളുടെ പരിപാലനം, അറ്റകുറ്റപ്പണി എന്നിവയ്ക്കുള്ള കേന്ദ്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഉദ്ഘാടനം ചെയ്തശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു സഫ്രാൻ സിഇഒ. ഇന്ത്യ വിദേശനിക്ഷേപകർക്കുള്ള വിശ്വസ്തപങ്കാളിയായി മാറിയെന്നും പുതിയ സംരംഭം യുവാക്കൾക്ക് തൊഴിൽ ലഭിക്കാൻ വഴിയൊരുക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.

