പത്തനംതിട്ട: മണ്ഡല – മകരവിളക്ക് തീർത്ഥാടനം ആരംഭിച്ച ആദ്യ ദിവസങ്ങളിലെ തിരക്കിൽ ദേവസ്വം ബോർഡിന് മികച്ച വരുമാനം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 33.33 ശതമാനം വർദ്ധനവാണ് വരുമാനത്തിൽ ഉണ്ടായിരിക്കുന്നത്. നവംബർ 30 വരെയുള്ള ആദ്യ 15 ദിവസങ്ങളിൽ 13 ലക്ഷം ഭക്തൻമാരാണ് മല ചവിട്ടിയത്. 92 കോടി രൂപയുടെ ആകെ വരുമാനമാണ് ഇക്കാലയളവിൽ ശബരിമലയിൽ നിന്ന് ദേവസ്വം ബോർഡിന് ലഭിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 69 കോടിയായിരുന്നു ആകെ വരുമാനം.
ഉയർന്ന വരുമാനത്തിൽ നല്ലൊരു പങ്കും അരവണ വിൽപ്പനയിൽ നിന്നാണ് ലഭിച്ചിരിക്കുന്നത്. 47 കോടി രൂപയാണ് അരവണ വിൽപ്പനയിൽ നിന്ന് ലഭിച്ചത്. കഴിഞ്ഞ വർഷം ആദ്യ 15 ദിവസങ്ങളിൽ അരവണ വിൽപ്പനയിൽ നിന്ന് ലഭിച്ചതാകട്ടെ 32 കോടി രൂപയായിരുന്നു. അതായത് ഈ ഇനത്തിൽ ദേവസ്വം ബോർഡിന് ലഭിച്ച അധിക വരുമാനം 15 കോടി രൂപയാണ് (46.86 ശതമാനം വർദ്ധനവ്).
അപ്പം വിൽപ്പനയിൽ നിന്ന് ഇതുവരെ 3.5 കോടി രൂപ ലഭിച്ചു.കഴിഞ്ഞ വർഷവും ഏകദേശം ഇതേ തുക തന്നെയാണ് ലഭിച്ചത്. കാണിക്കയിൽ നിന്നുള്ള വരുമാനം ഈ സീസണിൽ നാല് കോടിയോളം രൂപ വർദ്ധിച്ച് 26 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ സമയം 22 കോടി ആയിരുന്നു. 18.18 ശതമാനം വർദ്ധനവാണ് കാണിക്ക വരുമാനത്തിൽ നിന്ന് മാത്രം ദേവസ്വം ബോർഡിന് ശബരിമലയിൽ നിന്ന് ഉണ്ടായിരിക്കുന്നത്.

