ഭരണനിർവ്വഹണത്തിലെ കെടുകാരിസ്ഥതകൊണ്ടും സാമ്പത്തിക ധൂർത്തിനാലും ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ട മുഖ്യമന്ത്രിയും എൽ.ഡി.എഫും വർഗ്ഗീയതയെ തലോടികൊണ്ടാണ് പുതിയ രാഷ്ട്രീയ അജണ്ട രൂപപെടുത്തുന്നതെന്ന് യു ഡി എഫ് ബഹ്റൈൻ ആരോപിച്ചു.കേരളത്തിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മനാമ കെ എം സി സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യു ഡി എഫ് കൺവെൻഷൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

പ്രവാസികളുടെ ക്ഷേമത്തിനായി പ്രഖ്യാപിച്ച ഒരു പദ്ധതിയും നടപ്പിലാക്കാതെ അവർക്ക് അർഹതപ്പെട്ട പെൻഷൻ പോലും യഥാസമയം നൽകാത്തവരും പ്രതിക്ഷേധം ഉയരുമ്പോൾ മാത്രം തൽകാലം നൽകിയുമാണ് ഭരണം മുന്നോട്ടു കൊണ്ടുപോവുന്നത്. വീണ്ടും സുന്ദര വാഗ്ദാനങ്ങൾ നൽകി പ്രവസി വീടുകളിൽ വന്ന് വോട്ട് ചോദിക്കുന്ന ഭരണ വക്താക്കളോട് അധികാരത്തിൽ വരാൻ വേണ്ടി മൊഴിഞ്ഞ വാഗ്ദാനങ്ങൾ എവിടെ എന്നു ചോദിക്കാൻ ഓരോ പ്രവാസി വീടുകളെയും പ്രാപ്തമാക്കണമെന്നും കൺവെൻഷൻ അഭിപ്രായപ്പെട്ടു.കേരളത്തിൻ്റെ മതനിരപേക്ഷ സംസ്കാരവും, മതേതര പൈതൃകവും മറന്ന് കേവലം ഒരു തുടർഭരണത്തിനായി മാത്രം കളങ്കപ്പെടുത്തുന്ന കേരള രാഷ്ട്രീയം മുൻവിധിയോടെ കണ്ടില്ലെങ്കിൽ വലിയ വില നൽകേണ്ടിവരുമെന്ന് കൺവെൻഷനിൽ പങ്കെടുത്ത പ്രാസംഗികൾ ചൂണ്ടിക്കാട്ടി.

ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ചു.വേൾഡ് കെഎംസിസി സെക്രട്ടറി അസൈനാർ കളത്തിങ്കൽ ഉത്ഘാടനം ചെയ്തു.ഒഐസിസി ദേശീയ ജനറൽ സെക്രട്ടറി മനു മാത്യു മുഖ്യ പ്രഭാഷണം നടത്തി.കെഎംസിസി ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര സ്വാഗതവും ഒഐസിസി സെക്രട്ടറി പ്രദീപ് മേപ്പയൂർ നന്ദിയും പറഞ്ഞു.കെഎംസിസി ആക്ടിങ് പ്രസിഡന്റ് എ. പി. ഫൈസൽ, കെഎംസിസി സീനിയർ നേതാവ് കുട്ടൂസ മുണ്ടേരി, ഐ വൈ സി സി പ്രസിഡന്റ് ഷിബിൻ തോമസ്, നൗക ബഹ്റൈൻ സെക്രട്ടറി ബിനു കുമാർ എന്നിവർ പ്രസംഗിച്ചു.കെഎംസിസി സംസ്ഥാന ഭാരവാഹികളായ ഷാഫി പാറക്കട്ടെ, റഫീഖ് തോട്ടക്കര, ഫൈസൽ കോട്ടപ്പള്ളി,എൻ അബ്ദുൽ അസീസ്, അഷ്റഫ് കാട്ടിൽ പീടിക, ഷഹീർ കാട്ടമ്പള്ളി ഒഐസിസി നേതാക്കളായ നിസാർ കുന്നംകുളത്തിങ്കൽ, റംഷാദ് അയിലക്കാട്, ഗിരീഷ് കാളിയത്ത്,നസീം തൊടിയൂർ, രഞ്ജൻ കച്ചേരി, ചന്ദ്രൻ വളയം,ഐ വൈ സി സി നേതാക്കളായ ഫാസിൽ വട്ടോളി,നൗക ബഹ്റൈൻ പ്രതിനിധികളായ മഹേഷ് പൂത്തോളി,എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

