കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനായതിന് പിന്നാലെ ദൈവത്തിന് നന്ദി പറഞ്ഞ് നടൻ ദിലീപ്. കേസിൽ വിധി കേട്ട് കോടതിയിൽനിന്ന് പുറത്തേക്കുവന്ന ദിലീപ്, ‘സർവശക്തനായ ദൈവത്തിന് നന്ദി’, എന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. കേസിലെ യഥാർഥ ഗൂഢാലോചന തന്നെ പ്രതിയാക്കാൻ വേണ്ടിയായിരുന്നുവെന്നും ദിലീപ് ആരോപിച്ചു.
‘ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും അത് അന്വേഷിക്കണമെന്നും മഞ്ജു പറഞ്ഞിടത്തു നിന്നാണ് എനിക്കെതിരേയുള്ള ഗൂഢാലോചന ആരംഭിച്ചത്. അതിന് അന്നത്തെ ഉയർന്ന മേലുദ്യോഗസ്ഥയും അവർ തിരഞ്ഞെടുത്ത ഒരുസംഘം ക്രിമിനൽ പോലീസുകാരുമാണ് കേസുണ്ടാക്കിയത്. അതിനായി കേസിലെ മുഖ്യപ്രതിയേയും കൂട്ടുപ്രതികളേയും കൂട്ടുപിടിച്ച് കള്ളക്കഥ മെനഞ്ഞെു. എന്നിട്ട് പോലീസ് സംഘം ചില മാധ്യമങ്ങളേയും അവർക്ക് ഒത്താശചെയ്യുന്ന മാധ്യമപ്രവർത്തകരേയും കൂട്ടുപിടിച്ച് കള്ളക്കഥ സാമൂഹികമാധ്യമങ്ങിലൂടെ പ്രചരിപ്പിച്ചു’, ദിലീപ് ആരോപിച്ചു.
‘പോലീസ് സംഘമുണ്ടാക്കിയ കള്ളക്കഥ കോടതിയിൽ തകർന്നു. കേസിൽ യഥാർഥ ഗൂഢാലോചന നടന്നത് എന്നെ പ്രതിയാക്കാനാണ്. സമൂഹത്തിൽ എന്റെ കരിയറും ഇമേജും ജീവിതവും നശിപ്പിക്കാൻ വേണ്ടി ചെയ്തതാണ്’, ദിലീപ് കൂട്ടിച്ചേർത്തു.

