തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ബുധനാഴ്ച. ഡിസംബർ 10ന് മുൻകൂർ ജാമ്യാപേക്ഷയിൽ അന്തിമ വിധി പുറപ്പെടുവിക്കുന്നത് വരെ രാഹുലിനെതിരെ പൊലീസ് നടപടി പാടില്ലെന്നാണ് കോടതി നിർദേശം. അതുകൊണ്ട് തന്നെ രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്യില്ല. തിരുവനന്തപുരം വഞ്ചിയൂർ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. ഇവിടെയാണ് 23കാരിയുടെ ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഹർജിയിൽ വിശദമായ വാദം കേട്ടതിന് ശേഷമാണ് കോടതിയുടെ നിർദേശം. ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ അറസ്റ്റ് തടയണമെന്നാണ് രാഹുലിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടത്. എന്നാൽ ഈ ആവശ്യം കോടതി അംഗീകരിച്ചില്ല. എന്നാൽ നിർബന്ധിച്ചുള്ള ഒരു നടപടിയും പാടില്ലെന്നാണ് കോടതിയുടെ നിർദേശം. ഇത് ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ സംബന്ധിച്ച് അതീവ നിർണായകമാണ്.
നേരത്തേ ആദ്യം പരാതി ലഭിച്ച ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് തൊട്ടുപിന്നാലെയാണ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ രണ്ടാമത്തെ കേസിൽ അതിവേഗ നീക്കത്തിലൂടെ രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യഹർജി ഫയൽ ചെയ്തത്. ഹൈക്കോടതി ഉത്തരവ് വന്നതിന് തൊട്ടുപിന്നാലെ അഭിഭാഷകൻ ശാസ്തമംഗലം അജിത്കുമാർ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ രണ്ടാമത്തെ കേസിൽ മുൻകൂർ ജാമ്യ ഹർജി ഫയൽചെയ്യുകയായിരുന്നു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ രണ്ടാമത്തെ ബലാത്സംഗകേസിൽ പരാതിക്കാരി മൊഴി നൽകി. എസ് പി പുങ്കൂഴലിയാണ് മൊഴി രേഖപ്പെടുത്തിയത്. രക്ഷപ്പെടാൻ കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തുവെന്നാണ് മൊഴി. പല പ്രാവശ്യം ഭീഷണിപ്പെടുത്തിയെന്നും പേടി കാരണമാണ് ഇത്രയും നാൾ പുറത്ത് പറയാതിരുന്നതെന്നുമാണ് പരാതിക്കാരിയുടെ മൊഴിയിൽ പറയുന്നത്.
ആദ്യകേസിലെ ഹർജി ഹൈക്കോടതി ഈ മാസം പതിനഞ്ചിനാണ് വീണ്ടും പരിഗണിക്കുക. അതുവരെയാണ് അറസ്റ്റ് തടഞ്ഞത്. ഗുരുതര സ്വഭാവമുള്ള കാര്യങ്ങൾ ഹർജിയിലുണ്ടെന്നും അതിനാൽ വിശദവാദം കേൾക്കണമെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്.

