നൂറിലേറെ കള്ളവോട്ട് ചെയ്തെന്ന് ബിജെപി; വഞ്ചിയൂരിൽ സംഘർഷം; ആരോപണം നിഷേധിച്ച് സിപിഎം

  • Home-FINAL
  • Business & Strategy
  • നൂറിലേറെ കള്ളവോട്ട് ചെയ്തെന്ന് ബിജെപി; വഞ്ചിയൂരിൽ സംഘർഷം; ആരോപണം നിഷേധിച്ച് സിപിഎം

നൂറിലേറെ കള്ളവോട്ട് ചെയ്തെന്ന് ബിജെപി; വഞ്ചിയൂരിൽ സംഘർഷം; ആരോപണം നിഷേധിച്ച് സിപിഎം


തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ തിരുവനന്തപുരം കോർപ്പറേഷനിലെ വഞ്ചിയൂരിൽ സംഘർഷം. സിപിഎം കള്ളവോട്ട് ചെയ്തെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയതോടെയാണ് സംഘർഷം ഉടലെടുത്തത്. സിപിഎമ്മിൻറെ നേതൃത്വത്തിൽ നൂറിലേറെ കള്ളവോട്ട് നടന്നെന്നും വാർഡിൽ റീപോളിങ് വേണമെന്നും ബിജെപി ആവശ്യപ്പെട്ടു. സംഭവത്തിൽ ബിജെപി പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. റോഡിൽ സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ കൈയാങ്കളിയുമുണ്ടായി. ബിജെപി പ്രവർത്തകനെ മർദിച്ചതായും ആരോപണമുണ്ട്. വഞ്ചിയൂർ ഭാഗം രണ്ടിൽ വ്യാപകമായി സിപിഎം കള്ളവോട്ട് ചെയ്തെന്നും ഇതിനകം നൂറിൽപ്പരം കള്ളവോട്ട് നടന്നുകഴിഞ്ഞതായും ബിജെപി സിറ്റി ജില്ലാ അധ്യക്ഷൻ കരമന ജയൻ ആരോപിച്ചു. വോട്ടർപട്ടികയിൽ ഇല്ലാത്തവരും വഞ്ചിയൂരിൽ താമസം ഇല്ലാത്തവരുമായ ട്രാൻസ്ജൻഡേഴ്സിനെ വരെ ഇറക്കി വോട്ട് ചെയ്യിപ്പിച്ചു. ബിജെപി വനിതാ നേതാവിനെ ജാതി പറഞ്ഞ് മർദിച്ചു, അവരെ അധിക്ഷേപിച്ചു. വഞ്ചിയൂർ ഭാഗം രണ്ടിൽ റീപോളിങ് വേണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ബിജെപിയുടെ ആരോപണം സിപിഎം നിഷേധിച്ചു. വോട്ടർപട്ടികയിൽ പേരുള്ളവർ മാത്രമാണ് വോട്ട് ചെയ്യുന്നതെന്ന് വഞ്ചിയൂരിലെ സിപിഎം സ്ഥാനാർഥി വഞ്ചിയൂർ ബാബു പ്രതികരിച്ചു. ”എല്ലാ വോട്ടും ഓൺലൈനിൽ ചേർക്കുന്നതാണ്. പരാജയഭയം കൊണ്ടാണ് ബിജെപി ഇതൊക്കെ കാണിക്കുന്നത്. വോട്ട് ചേർത്ത് കരട് പട്ടിക പ്രസിദ്ധീകരിച്ചു. ട്രാൻസ്ജെൻഡർമാർ വോട്ട് ചെയ്യാൻ നിൽക്കുമ്പോൾ അവരെ കൂവുന്നു. ബിജെപി പ്രവർത്തകരാണ് കൂവിയത്. ട്രാൻസ്ജെൻഡർമാർ മനുഷ്യർ അല്ലേ. ഞങ്ങളുടെ പ്രവർത്തകരാണ് അവരും. ഞങ്ങൾ ആരെയും ആക്രമിച്ചിട്ടില്ല. അടിച്ചെങ്കിൽ അടിച്ചെന്ന് പറയും. കുറെ അടിയും ഇടിയും ഒക്കെ കണ്ടവരാ ഞങ്ങൾ. ഞങ്ങൾ ഒന്നും ചെയ്തില്ലെന്ന് പോലീസ് കണ്ടതാണ്”, അദ്ദേഹം പറഞ്ഞു.

Leave A Comment