തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് മുന്നേറ്റം. കോർപറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫ് ആധിപത്യം നേടി. ജില്ലാ പഞ്ചായത്തിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം. എൻഡിഎ പലയിടങ്ങളിലും നില മെച്ചപ്പെടുത്തി. തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎ ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരത്തിന് അടുത്തെത്തി. നിലവിൽ 48 സീറ്റുകളാണുള്ളത്. 51 സീറ്റുകളാണ് അധികാരത്തിലെത്താൻ വേണ്ടത്.
തിരുവനന്തപുരം കോർപറേഷനിൽ 48 സീറ്റുകളിൽ എൻഡിഎ മുന്നേറുകയാണ്. യുഡിഎഫ് 20. എൽഡിഎഫ് 27. കൊല്ലം കോർപറേഷനിൽ 14 സീറ്റുകളിൽ എൽഡിഎഫ്, യുഡിഎഫ് 18, എൻഡിഎ 9. എറണാകുളം കോർപറേഷനിൽ എൽഡിഎഫ് 20, യുഡിഎഫ് 46, എൻഡിഎ 6. തൃശൂർ കോർപറേഷനിൽ യുഡിഎഫ് 33, എൽഡിഎഫ് 11, എൻഡിഎ 8. കോഴിക്കോട് കോർപറേഷനിൽ എൽഡിഎഫ് 28, യുഡിഎഫ് 26, എൻഡിഎ 13. കണ്ണൂർ കോർപറേഷനിൽ എൽഡിഎഫ് 15, യുഡിഎഫ് 36, എൻഡിഎ 4. സ്വന്തം നാട്ടിൽ എഴുപത്തിയഞ്ചാം വയസ്സിൽ ആദ്യമായി ജനവിധി തേടിയ കോൺഗ്രസ് നേതാവ് മമ്പറം ദിവാകരന് 507 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയം. വേങ്ങാട് പഞ്ചായത്ത് പതിനഞ്ചാം വാർഡ് മമ്പറത്തു നിന്നാണ് ദിവാകരൻ 839 വോട്ടിന് ജയിച്ചത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ വാർഡിൽ ചരിത്രത്തിൽ ആദ്യമായി കോൺഗ്രസിന് ജയം. പായം പഞ്ചായത്ത് താന്തോട് വാർഡിൽ എം.പി. ഹരിതയാണ് ജയിച്ചത്. എൽഡിഎഫിലെ കെ. സന്ധ്യയെയാണ് തോൽപ്പിച്ചത്.

