വിവാദങ്ങൾ ജനങ്ങൾ സ്വീകരിച്ചില്ല, മുൻ ഡിജിപി ഇനി ജനപ്രതിനിധി

  • Home-FINAL
  • Business & Strategy
  • വിവാദങ്ങൾ ജനങ്ങൾ സ്വീകരിച്ചില്ല, മുൻ ഡിജിപി ഇനി ജനപ്രതിനിധി

വിവാദങ്ങൾ ജനങ്ങൾ സ്വീകരിച്ചില്ല, മുൻ ഡിജിപി ഇനി ജനപ്രതിനിധി


തിരുവനന്തപുരം∙ കോർപറേഷനിലെ ശാസ്തമംഗലം വാർഡിൽ മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ.ശ്രീലേഖയ്ക്ക് വിജയം. മേയർ സ്ഥാനാർഥിയായി ബിജെപി പരിഗണിക്കുന്ന ശ്രീലേഖ തൻ്റെ ആദ്യത്തെ പോരാട്ടത്തിലാണ് വിജയം നേടിയത്. തിരഞ്ഞെടുപ്പിനിടെ ഉണ്ടായ ഒട്ടനവധി രാഷ്ട്രീയ വിവാദങ്ങളെ മറികടന്നാണ് ജയം. ആറ്റുകാൽ ക്ഷേത്രത്തിലെ കുത്തിയോട്ടം വിശ്വാസത്തിന്റെ പേരിലുള്ള കുറ്റകൃത്യമാണെന്ന ആർ.ശ്രീലേഖയുടെ പഴയ കുറിപ്പ് കോൺഗ്രസ് പ്രചാരണ ആയുധമാക്കിയിരുന്നു. കുട്ടികൾക്ക് ശാരീരികയും മാനസികവുമായി കടുത്ത പീഡനം ഏറ്റുവാങ്ങേണ്ടിവരുന്നുവെന്ന് ശ്രീലേഖ കുറിപ്പ് എഴുതിയതിനു പിന്നാലെ ബാലാവകാശ കമ്മിഷൻ കേസെടുത്തിരുന്നു. താൻ സ്ഥാനാർഥി ആയതിന്റെ പേടി കൊണ്ടാണ് ഇത്തരത്തിൽ പ്രചാരണങ്ങൾ ആരംഭിച്ചിരിക്കുന്നതെന്നും അതേക്കുറിച്ചൊന്നും ചിന്തിക്കുന്നില്ലെന്നുമായിരുന്നു ആർ.ശ്രീലേഖയുടെ പ്രതികരണം.

ഇതിനു പിന്നാലെ ആർ.ശ്രീലേഖയുടെ വോട്ട് അഭ്യർഥിച്ചുള്ള ചുവരെഴുത്തുകളിൽ പേരിനൊപ്പമുണ്ടായിരുന്ന ‘ഐപിഎസ്’ എന്നത് കറുത്ത മഷി കൊണ്ടു മായ്ച്ചതും വിവാദമായി. ആം ആദ്മി പാർട്ടിയിലെ ടി.എസ്.രശ്മി പരാതി ഉന്നയിച്ചതിനു പിന്നാലെയാണ് ഇവ മായ്ച്ചത്. മായ്ക്കാൻ നിർദേശമൊന്നും നൽകിയിട്ടില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയെങ്കിലും എതിർ സ്ഥാനാർഥി ഇതേക്കുറിച്ചു പരാതിപ്പെട്ട സാഹചര്യത്തിൽ ആ സ്ഥാനാർഥിയുടെ വീടിനു മുന്നിലെ ചുവരെഴുത്തുകളിൽനിന്ന് ‘ഐപിഎസ്’ മായ്ക്കാൻ പാർട്ടി പ്രവർത്തകരോടു ശ്രീലേഖ നിർദേശിച്ചു.

Leave A Comment