കൊച്ചി: ആദ്യത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് ഹൈക്കോടതി നീട്ടി. അടുത്തമാസം ഏഴുവരെയാണ് ഹൈകോടതി വിലക്ക് നീട്ടിയത്. തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി തീർപ്പാകുന്നതുവരെ രാഹുലിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് കോടതി ഇന്നുവരെ നീട്ടിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കാമെന്ന് പറഞ്ഞ ബെഞ്ചിനോട് രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകൻ അറസ്റ്റ് വിലക്ക് ഇന്ന് വരെയാണ് ഉള്ളതെന്നും അത് നീട്ടണമെന്നും ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് കേസ് ഇനി പരിഗണിക്കുന്ന ജനുവരി ഏഴ് വരെ അറസ്റ്റിനുള്ള വിലക്ക് നീട്ടിയത്.
ബംഗളൂരുവിലെ മലയാളി യുവതിയെ മാനഭംഗപ്പെടുത്തിയ കേസിൽ രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ക്രിസ്മസ് അവധിക്കുശേഷം പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്. രാഹുലിനെതിരെ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയെ തുടർന്നാണ് ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്തത്. കെപിസിസി പ്രസിഡന്റിന് ലഭിച്ച പരാതിയിലാണ് രണ്ടാമത്തെ കേസ്.

