പ്രവാസി ലീഗൽ സെൽ ഇറ്റലി ചാപ്റ്റർ പ്രവർത്തനമാരംഭിച്ചു. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള സംഘടനയായ പിഎൽസിയുടെ ഏറ്റവും പുതിയ ചാപ്റ്ററായ ഇറ്റാലിയൻ ചാപ്റ്റർ പ്രവർത്തന ഉൽഘാടനമാണ് നടന്നത്.

എറണാകുളം ജില്ലാ കൺസ്യൂമർ കമ്മീഷൻ അദ്ധ്യക്ഷൻ ഡി.ബി. ബിനുവാണ് ഉൽഘാടന കർമ്മം നിർവഹിച്ചത്.

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മുൻഅദ്ധ്യക്ഷനായ റിട്ടയേഡ് ജഡ്ജ് പി. മോഹനദാസ് മുഖ്യാതിഥിയായിരുന്നു. പിഎൽസി ഇറ്റാലിയൻ ചാപ്റ്റർ ചെയർമാൻ പ്രൊഫ. ജോസ് ഫിലിപ്പ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡന്റ്റ് അഡ്വ. ജോസ് എബ്രഹാം ഇറ്റാലിയൻ ചാപ്റ്റർ ഭാരവാഹികളെ പരിചയപ്പെടുത്തി.

പ്രവാസികളുടെ നിയമപരമായ ശാക്തീകരണം ലക്ഷ്യമാക്കി ഒന്നര പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ ശാക്തീകരണം ലക്ഷ്യമാക്കികൊണ്ടാണ് പുതിയ ചാപ്റ്ററിന്റെ ഉൽഘാടനകർമ്മം നടന്നത്. ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത്, ദുബായ് ചാപ്റ്റർ അധ്യക്ഷൻ ടി.എൻ. കൃഷ്ണകുമാർ, ഗ്ലോബൽ കോർഡിനേറ്റർ ഡോ. സെബാസ്റ്റിയൻ ജോസഫ് തുടങ്ങിയവർ ചടങ്ങിന് ആശംസ അർപ്പിച്ചു. ഇറ്റാലിയൻ ചാപ്റ്റർ ജനറൽ സെക്രട്ടറി പ്രിയ ജോൺ സ്വാഗതം അർപ്പിച്ച ചടങ്ങിന് ജോയിന്റ് സെക്രട്ടറിയും സ്റ്റുഡന്റ് വിങ് കോർഡിനേറ്ററുമായ ലീന ബ്രിട്ടൺ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. പ്രവാസികളുടെ നിയമപരമായ അവകാശം നേടിയെടുക്കുന്നതിനായി നിരവധിയായ പൊതുതാൽപര്യ ഹർജികൾ ഇന്ത്യൻ സുപ്രീം കോടതിയിലും വിവിധ ഹൈകോടതികളിലും ഫയൽ ചെയ്ത് ഉത്തരവുകൾ നേടിയെടുക്കാൻ പ്രവാസി ലീഗൽ സെല്ലിനു സാധിച്ചിട്ടുണ്ട്. കൂടാതെ സുരക്ഷിത കുടിയേറ്റം ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ നിരവധിയായ ബോധവത്കരണ പരിപാടികൾ ഉൾപ്പെടെയുള്ള കാര്യങ്ങളും പ്രവാസി ലീഗൽ സെൽ ചെയ്തുവരുന്നു.

