കൊച്ചി: പാലാരിവട്ടം ഡിവിഷനിൽനിന്നും ജയിച്ച വി.കെ.മിനിമോൾ മേയറാകും. ആദ്യത്തെ രണ്ടര വർഷം മിനിമോളും പിന്നീടുള്ള രണ്ടര വർഷം ഫോർട്ട്കൊച്ചി ഡിവിഷനിൽനിന്ന് വിജയിച്ച ഷൈനി മാത്യുവും മേയറാകും. ദീപ്തി മേരി വർഗീസിന്റെ പേര് ചർച്ച ചെയ്തെങ്കിലും പരിഗണിച്ചില്ല.
ഡെപ്യൂട്ടി മേയർപദവിയും വീതംവയ്ക്കാനാണ് തീരുമാനിച്ചത്. ദീപക് ജോയ് ആദ്യം ഡപ്യൂട്ടി മേയറാകും. കെവിപി കൃഷ്ണകുമാർ രണ്ടരവർഷത്തിനുശേഷം ഡപ്യൂട്ടി മേയറാകും. ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്, യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ, മുതിർന്ന നേതാവ് എൻ.വേണുഗോപാൽ എന്നിവർ ഉൾപ്പെട്ട കോർ കമ്മിറ്റിയാണ് ഓരോ കൗൺസിലറെയും പ്രത്യേകം പ്രത്യേകം കണ്ട് അഭിപ്രായം തേടിയത്. ചില കൗൺസിലർമാർ ഒന്നിലേറെ പേരുകൾ മുന്നോട്ടുവച്ചു. 5 വർഷകാലാവധി വീതം വയ്ക്കുന്നതിനെക്കുറിച്ചും ചിലർ അഭിപ്രായം അറിയിച്ചു. വിവിധ പേരുകളിൽ നിന്നു വ്യക്തമായ തീരുമാനത്തിലെത്തുന്നതിനു വേണ്ടിയാണു കൗൺസിലർമാരുടെ അഭിപ്രായം ഒറ്റയ്ക്കൊറ്റയ്ക്കു ശേഖരിച്ചത്. വലിയ ഉത്തരവാദിത്തമാണ് പുതിയ പദവിയെന്ന് മിനിമോൾ പ്രതികരിച്ചു. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് തീരുമാനമെടുത്തതെന്ന് ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് പറഞ്ഞു.

