കൊച്ചി: എറണാകുളം ഉദയംപേരൂരിൽ ഡോക്ടർമാർ റോഡരികിൽ അടിയന്തര ചികിത്സ നൽകി രക്ഷിച്ച ലിനു മരണത്തിനു കീഴടങ്ങി. വാഹനാപകടത്തിൽ പരിക്കേറ്റ ലിനുവിന് റോഡിൽവെച്ച് വഴിയാത്രക്കാരായ ഡോക്ടർമാർ അടിയന്തര ചികിത്സ നൽകിയിരുന്നു. വാഹനാപകടത്തിനു പിന്നാലെ സ്ട്രോയും ബ്ലേഡും ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ ഡോക്ടർമാർ ലിനുവിന് അടിയന്തര ചികിത്സ നൽകി. ആശുപത്രിയിലെത്തും മുമ്പ് ശ്വസനം തടസ്സപ്പടുന്നത് ഒഴിവാക്കാനാണ് വഴിയരികിൽ വെച്ച് തന്നെ ചികിത്സ നടത്തിയത്. ആശുപത്രിയിൽ എത്തിച്ചതിനു പിന്നാലെ വലിയ പ്രതീക്ഷകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കൈകാലുകൾ ചലിപ്പിച്ചിരുന്നു. എന്നാൽ ഹൃദയാഘാതമുണ്ടാകുകയായിരുന്നു.
എറണാകുളം കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോക്ടർമാരായ തോമസ് പീറ്ററും ദിദിയ തോമസും കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോ തൊറാസിക് സർജറി വിഭാഗം അസി. പ്രൊഫസർ ഡോ. ബി. മനൂപിനൊപ്പം ചേർന്നായിരുന്നു ലിനു ഡെന്നിസിന് വഴിയരികിൽ ചികിത്സ നൽകിയത്. ഞായറാഴ്ച രാത്രി ഉദയംപേരൂർ കവലയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്കാണ് പരിക്കേറ്റത്. ഇതിൽ ഗുരുതരമായി പരിക്കേറ്റ ലിനുവിനാണ് മൂന്ന് ഡോക്ടർമാരും ചേർന്ന് അദ്ഭുതകരമായ ശസ്ത്രക്രിയ നടത്തിയത്.
ശ്വാസകോശത്തിൽ രക്തവും മണ്ണും കയറി ശ്വാസതടസ്സം നേരിട്ട് ഗുരുതരാവസ്ഥയിലായ ലിനുവിന്റെ കഴുത്തിൽ ബ്ലേഡ് ഉപയോഗിച്ച് ദ്വാരമുണ്ടാക്കി അതിലൂടെ ജ്യൂസിന്റെ സ്ട്രോ തിരുകിയാണ് ഡോക്ടർമാർ ലിനുവിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചത്. എന്നാൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ മരണത്തിന് കീഴടങ്ങി.

