ക്രിസ്മസിനായി ഒരുങ്ങി ബഹ്റൈനിലെ പ്രവാസലോകം. വിവിധ ദേവാലയങ്ങളിൽ തിരുപ്പിറവിയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. തിരുപ്പിറവിയുടെ സന്ദേശവുമായി കരോൾ സംഘങ്ങൾ വീടുകളിലും സ്ഥാപനങ്ങളിലും എത്തിക്കൊണ്ടിരിക്കുകയാണ്.ബഹ്റൈനിൽ ദിവസങ്ങൾക്കു മുൻപേ ക്രിസ്മസ് ആഘോഷങ്ങൾ തുടങ്ങിയിരുന്നു. ഡിസംബർ മാസം ബഹ്റൈന് ഉത്സവകാലം കൂടിയായതിനാൽ വിപുലമായ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഡിസംബർ ആദ്യ വാരം തൊട്ടു തന്നെ സീറോ മലബാർ സൊസൈറ്റി, കെസിഎ , സാക്രട് ഹാർട്ട് ചർച്ച് , കൈതാരത്ത് ഫാമിലി ട്രസ്റ്റ് എന്നിവയുടെയും , മറ്റ് പ്രവാസി മലയാളി സംഘടനകളുടെയും നേതൃത്വത്തിലുള്ള കരോൾ സംഘങ്ങൾ വിശ്വാസികളുടെ ഭവനങ്ങളിലും സ്ഥാപനങ്ങളിലും സന്ദർശിച്ചു.

ബഹ്റൈനിലെ പ്രവാസി മലയാളികൾ അടക്കമുള്ള വലിയൊരു വിശ്വാസി സമൂഹത്തിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന നിരവധി ആരാധനാലയങ്ങളിലും ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി.ഇത്തവണയും ബഹ്റൈൻ മീഡിയ സിറ്റി ക്രിസ്തുമസ് പുതുവത്സരാഘോഷവുമായി രംഗത്തുണ്ട്. 30 ദിവസം നീണ്ടുനിൽക്കുന്ന “നക്ഷത്രത്തിളക്കമാണ്” ബി.എം. സി ഒരുക്കിയിട്ടുള്ളത്. ബഹ്റൈനിലെ കടകളും വീടുകളും മാല ബൾബുകളാലും നക്ഷത്രങ്ങൾകൊണ്ടും അലങ്കരിച്ചിരിക്കുന്നു.ക്രിസ്മസ് ആഘോഷങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത കേക്ക് വിപണിയിലും ഇത്തവണ പുതുമകൾ ഉണ്ട്.ബീഫ്, പാലപ്പം, മട്ടൻ, താറാവ് റോസ്റ്റ് എന്നിവയിൽ തുടങ്ങി നസ്രാണി സദ്യയുമായി രാജ്യത്തെ ഹോട്ടലുകളും,ക്രിസ്തുമസ് ഓഫറുകളുമായി മാളുകളും സജീവമാണ്.

