തിരുവനന്തപുരം: മേയർ തിരഞ്ഞെടുപ്പിൽ ചട്ടലംഘനമുണ്ടായെന്നും വോട്ടെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം കോടതിയിലേക്ക്. സത്യപ്രതിജ്ഞ ചെയ്‌ത 20 അംഗങ്ങൾ ചട്ടം ലംഘിച്ചുവെന്നാണ് സിപിഎമ്മിന്റെ പരാതി. ബിജെപിയുടെ ചട്ടലംഘനത്തിനെതിരെ സിപിഎം പ്രതിഷേധിച്ചിരുന്നു. ബലിദാനിയുടെ പേരിൽ ഉൾപ്പെടെ സത്യപ്രതിജ്ഞ ചെയ്‌തത് അംഗീകരിക്കാൻ കഴിയില്ലെന്ന് സിപിഎം നേതാവ് എസ്‌പി ദീപക് പറഞ്ഞു. ചട്ടപ്രകാരം പ്രതിജ്ഞ ചെയ്‌തവരുടെ വോട്ട് മാത്രം സാധുവായി കണക്കാക്കണം. ബിജെപി, യുഡിഎഫ് അംഗങ്ങളായ 20പേർ ചട്ടം ലംഘിച്ചെന്നും വോട്ടെടുപ്പ് നിയമവിരുദ്ധമാണെന്നും സിപിഎം ആരോപിച്ചു.
ചട്ടം ലംഘിച്ചവരെ മാറ്റിനിർത്തി വോട്ടെടുപ്പ് നടത്തണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം. അതേസമയം, തിരുവനന്തപുരം മേയറായി വി വി രാജേഷ് സത്യപ്രതിജ്ഞ ചെയ്‌തു. 51 വോട്ടുകൾ നേടിയാണ് വി വി രാജേഷ് മേയറായി വിജയിച്ചത്. 50 ബിജെപി അംഗങ്ങളുടെയും ഒരു സ്വതന്ത്രന്റെയും വോട്ടുകളാണ് ലഭിച്ചത്.യുഡിഎഫിന്റെ കെ എസ് ശബരീനാഥിന് 17 വോട്ടുകളാണ് ലഭിച്ചത്. എൽഡിഎഫിന്റെ മേയർ സ്ഥാനാർത്ഥി ആർ പി ശിവജിക്ക് 29 വോട്ടുകൾ ലഭിച്ചു. തിരുവനന്തപുരം തിലകമണിഞ്ഞെന്നാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചത്.

