ചിറ്റൂര്‍: ഒരു നാടിന്റെ തിരച്ചിലും പ്രാര്‍ഥനയും വിഫലമാക്കി സുഹാന്റെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച ണാതായ ആറു വയസ്സുകാരന്റെ മൃതദേഹം വീടിനു 800 മീറ്റര്‍ അകലെയുള്ള കുളത്തില്‍നിന്നും ഞായറാഴ്ച രാവിലെ കണ്ടെത്തിയത്. അമ്പാട്ടുപാളയം എരുമന്‍കോട് മുഹമ്മദ് അനസ്- തൗഹിത ദമ്പതികളുടെ ഇളയമകന്‍ ആറു വയസ്സുകാരന്‍ സുഹാനെ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതലാണ് കാണാതായത്.
വീടിനു സമീപത്തായി അഞ്ചോളം ആമ്പല്‍ കുളങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ മൃതദേഹം കണ്ടെത്തിയത് 800 മീറ്ററോളം അകലെയുള്ള മറ്റൊരു കുളത്തിലാണ്. നാട്ടുകാര്‍ കുളിക്കാനും വസ്ത്രം അലക്കാനും ഉപയോഗിക്കുന്ന കുളമാണിത്. ഇവിടേയ്ക്ക് എങ്ങനെ സുഹാന്‍ എത്തി എന്നതും കണ്ടെത്തേണ്ടതുണ്ട്.
സഹോദരനൊപ്പം വീട്ടില്‍ സിനിമ കാണുകയായിരുന്ന സുഹാന്‍ ഇന്നലെ ഉച്ചയ്ക്കാണ് വീടിനു പുറത്തേയ്ക്ക് ഇറങ്ങിയത്. സുഹാന്റെ പിതാവ് വിദേശത്താണ്. സ്വകാര്യ സ്‌കൂളിലെ അധ്യാപികയാണ് മാതാവ്. സംഭവസമയം മാതാവ് വീട്ടിലുണ്ടായിരുന്നില്ല.

