കൊച്ചി: എറണാകുളം നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേയിലുണ്ടായ വൻ തീപിടിത്തത്തിൽ 12 കടകൾ കത്തിനശിച്ചു.. ശ്രീധർ തിയേറ്ററിന് സമീപത്തുള്ള കടകളിലാണ് തിങ്കളാഴ്ച അർദ്ധരാത്രിയോടെ തീപിടുത്തമുണ്ടായത്. ഫാൻസി സാധനങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ വിൽക്കുന്ന പന്ത്രണ്ടോളം കടകളാണ് പൂർണ്ണമായും കത്തിനശിച്ചത്. പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളും ഫാൻസി സാധനങ്ങളും ഉള്ള കടകളായതിനാൽ തീ അതിവേഗം പടരുകയായിരുന്നു. കടകൾക്ക് സമീപം കൂട്ടിയിട്ടിരുന്ന മാലിന്യങ്ങളിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരം.വിവരം ലഭിച്ച ഉടൻ തന്നെ ഫയർഫോഴ്സിന്റെ 8 യൂണിറ്റുകൾ സ്ഥലത്തെത്തി. പുലർച്ചയോടെയാണ് തീ അണച്ചത്. വലിയ പുക പടർന്നത് ആശങ്കക്കിടയാക്കിയിരുന്നു.

