വാഷിംഗ്ടൺ: വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലഫ്ലോറൻസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇരുവരെയും രാജ്യത്തിനു പുറത്തേക്കു മാറ്റിയെന്നും ട്രംപ് അവകാശപ്പെട്ടു. അതിശക്തമായ കരയാക്രമണം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. ‘വെനിസ്വേലയ്ക്കും അതിന്റെ നേതാവ് നിക്കോളാസ് മഡുറോയ്ക്കുമെതിരെ വൻതോതിലുള്ള ആക്രമണം വിജയകരമായി അമേരിക്ക നടത്തി, അദ്ദേഹത്തെയും ഭാര്യയെയും പിടികൂടി രാജ്യത്തുനിന്ന് നാടുകടത്തി’-എന്നാണ് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇതെല്ലാം അമേരിക്കയിലെ നിയമനിർവഹണ ഏജൻസിയുമായി സഹകരിച്ചാണ് നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ പൗരന്മാർ വെനിസ്വേല വിടണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഡെൽറ്റാ ഫോഴ്സാണ് മഡുറോയെയും ഭാര്യയെയും പിടികൂടിയത് എന്നാണ് റിപ്പോർട്ട്.
എന്നാൽ അധിനിവേശത്തെ ചെറുക്കുമെന്ന് വെനിസ്വേലൻ പ്രതിരോധ മന്ത്രി വ്ളാഡിമിർ പാഡ്രിനോ അറിയിച്ചു.
ശനിയാഴ്ച പുലർച്ചെയാണ് ലാറ്റിനമേരിക്കൻ രാജ്യമായ വെനിസ്വേലയിൽ അമേരിക്ക ആക്രമണം നടത്തിയത്. തലസ്ഥാനമായ കാരക്കാസിൽ ഉൾപ്പെടെ ഏഴുസ്ഫോടനങ്ങളാണ് ഉണ്ടായതെന്നാണ് റിപ്പോർട്ട്. സൈനിക, സിവിലിയൻ കേന്ദ്രങ്ങൾക്കുനേരെയാണ് ആക്രമണമുണ്ടായത്. മയക്കുമരുന്ന് സംഘങ്ങൾക്ക് സംരക്ഷണം നൽകിയതിനാണ് ആക്രമണം എന്നാണ് അമേരിക്ക പറയുന്നത്.
പസഫിക്ക് സമുദ്രത്തിലും ലഹരിമരുന്ന് കള്ളക്കടത്ത് ആരോപിച്ച് അമേരിക്കൻ സൈന്യം വെനസ്വേലയുടെ എട്ടുബോട്ടുകളെ തകർത്തിരുന്നു. 30 ആക്രമണങ്ങളിലായി 107 പേരാണ് കൊല്ലപ്പെട്ടത്. അമേരിക്ക ആക്രമണത്തിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്.

