കൊല്ലം: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപങ്ങളിൽനിന്നും സ്വർണം മോഷ്ടിച്ചു എന്ന കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനു ജാമ്യം നൽകാതെ കോടതി. കൊല്ലം വിജിലൻസ് കോടതിയാണ് പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളിയത്. ദേവസ്വം പ്രസിഡന്റ് എന്ന രീതിയിൽ ഒപ്പുവയ്ക്കുക മാത്രമാണ് താൻ ചെയ്തതെന്നും മറ്റ് അംഗങ്ങൾക്കുള്ള ഉത്തരവാദിത്തം മാത്രമേ തനിക്കും ഉള്ളുവെന്നുമാണ് കോടതിയിൽ പത്മകുമാർ ഉന്നയിച്ച വാദം. എന്നാൽ ഇതു കോടതി തള്ളി. ദേവസ്വം പ്രസിഡന്റ് എന്ന തരത്തിൽ ഒഴിഞ്ഞുമാറാൻ പത്മകുമാറിനു കഴിയില്ലെന്നും ജാമ്യം അനുവദിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. പത്മകുമാറിനു കേസിലുള്ള പങ്ക് തെളിയിക്കുന്ന രേഖകളും അന്വേഷണ സംഘം കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു. കഴിഞ്ഞ ദിവസം എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലും പത്മകുമാറിനെതിരെ ഗുരുതര പരാമർശമാണുണ്ടായിരുന്നത്.
ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളികൾ സ്വർണം പൊതിഞ്ഞതാണെന്നു കൃത്യമായ അറിവുണ്ടായിട്ടും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന പത്മകുമാർ ബോർഡ് നോട്ട് തിരുത്തിയെന്നാണ് എസ്ഐടി ഹൈക്കോടതിയിൽ അറിയിച്ചത്. സ്വർണം പൊതിഞ്ഞ ചെമ്പ് പാളികൾ എന്ന് എഴുതുന്നതിനു പകരം ചെമ്പ് പാളികൾ എന്നെഴുതി. പുറത്തു കൊണ്ടുപോകുന്നതിന് സ്വന്തം കൈപ്പടയിൽ ‘അനുവദിക്കുന്നു’ എന്നും എഴുതി. മനഃപൂർവമാണ് വ്യാജമായ വിവരങ്ങൾ എഴുതിയത്. ഗുരുതരമായ ഔദ്യോഗിക കൃത്യവിലോപം വഴി പത്മകുമാർ സ്വർണക്കൊള്ളയ്ക്കു വഴിവച്ചു. തന്ത്രിയുടെ അഭിപ്രായം തേടിയിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായെന്നും അറിയിച്ചു.

