കൊച്ചി: പ്രവാസി മലയാളിയെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ച സംഭവത്തില്‍ പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. മാലമോഷണക്കേസില്‍ കുടുക്കി 54 ദിവസമാണ് കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ താജുദ്ദീനെ ജയിലില്‍ അടച്ചത്. താജുദ്ദീന് 10 ലക്ഷവും മക്കള്‍ക്കും ഭാര്യക്കും ഓരോ ലക്ഷം രൂപ വീതവും നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടത്.
മാല മോഷണക്കേസില്‍ കുടുക്കിയാണ് ഖത്തറിൽ വ്യവസായിയായിരുന്ന താജുദ്ദീനെ ജയിലില്‍ അടച്ചത്. ഇത്തരമൊരു നടപടി ഒരു വ്യക്തിയുടെ ജീവിക്കാനുള്ള അവകാശത്തിന്റേയും വ്യക്തി സ്വാതന്ത്ര്യത്തിന്റേയും മേലുള്ള കടന്നുകയറ്റമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. നിരപരാധിയാണെന്ന് ചൂണ്ടിക്കാട്ടി 2019ല്‍ കോടതി താജുദീനെ ജയില്‍മോചിതനാക്കിയിരുന്നു. സന്തോഷത്തോടെയും സമാധാനത്തോടെയും കഴിഞ്ഞിരുന്ന തങ്ങളുടെ കുടുംബത്തിന് ഈ അവസ്ഥയുണ്ടായതിന് കാരണം പൊലീസിന്റെ ഇടപെടലാണെന്ന് താജുദീൻ്റെ മകന്‍ പ്രതികരിച്ചു. പ്രായമായ തന്റെ പിതാവ് പെരുന്നാളിന് ഉള്‍പ്പെടെ 54 ദിവസം ജയിലില്‍ കിടന്നു. ഖത്തറിലെ ബിസിനസിന് തടസ്സങ്ങള്‍ നേരിട്ടു. സ്‌പോണ്‍സര്‍ കേസ് കൊടുത്തത് കാരണം ഖത്തറിലും ജയിലില്‍ കഴിയേണ്ടി വന്നിരുന്നു. ജീവിതത്തിലെ പ്രധാനപ്പെട്ട സമയം പൊലീസ് നടപടി കാരണമാണ് നഷ്ടമായത്, അത് അനുഭവിച്ചാലെ മനസ്സിലാകൂവെന്നും മകന്‍ തെസിന്‍ വ്യക്തമാക്കി.

