കോട്ടയം:നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിർണായക രാഷ്ടീയ നീക്കവുമായി കോൺഗ്രസ്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയെ നേരിട്ട് ഫോണിൽ വിളിച്ച് യു.ഡി.എഫിലേക്ക് ക്ഷണിച്ചു.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ഇടപെടലിലൂടെയാണ് ഈ നീക്കം നടന്നതെന്നാണ് റിപ്പോർട്ട്. സോണിയ ഗാന്ധിയും ജോസ് കെ. മാണിയും തമ്മിൽ ഫോൺ സംഭാഷണം നടന്നതായി ജോസിനോട് അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചു എന്നാൽ ജോസ് കെ. മാണി ഇതിനോട പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫിനെ ശക്തിപ്പെടുത്താനുള്ള കോൺഗ്രസിന്റെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളുടെ തന്ത്രത്തിന്റെ ഭാഗമായാണ് ഈ സമീപനമെന്നാണ് വിലയിരുത്തൽ. യു.ഡി.എഫിലെ രണ്ടാമത്തെ വലിയ ഘടകകക്ഷിയായ മുസ്ലിം ലീഗും (ഐയു.എം.എൽ) കെസി(എം)യെ തിരിച്ചെടുക്കുന്നതിന് അനുകൂല നിലപാട് അറിയിച്ചിട്ടുണ്ട്.
എൽഡിഎഫിന്റെ സമീപകാല യോഗത്തിലും, കേന്ദ്ര സർക്കാരിന്റെ ഫണ്ട് തടയലിനെതിരായ സംസ്ഥാന സർക്കാരിന്റെ സത്യഗ്രഹത്തിലും ജോസ് കെ. മാണി പങ്കെടുത്തിരുന്നില്ല. ഇതാണ് യു.ഡി.എഫിലേക്ക് തിരിച്ചു പോകുമെന്ന അഭ്യൂഹങ്ങൾക്ക് കൂടുതൽ ശക്തി നൽകുന്നത്.
എൽഡിഎഫ് സംഘടിപ്പിക്കുന്ന വരാനിരിക്കുന്ന ‘കേരള യാത്ര’യിൽ ജോസ് കെ. മാണി പങ്കെടുക്കുമോ എന്നതാണ് ഇപ്പോൾ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. അതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി ദിശയെ കുറിച്ചുള്ള നിർണായക സൂചന നൽകുക. മാണി ഗ്രൂപ്പിൻ്റെ യു ഡി എഫ് പ്രവേശനത്തെ, പക്ഷെ ജോസഫ് ഗ്രൂപ്പ് എതിർക്കുകയാണ്.

