ലണ്ടൻ: 2026 ഫെബ്രുവരി 25 മുതൽ യുകെയിലേക്ക് യാത്ര ചെയ്യുന്ന സന്ദർശകർക്ക് ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ETA) നിർബന്ധമായിരിക്കും. ഈ ഇടിഎ സംവിധാനം അമേരിക്ക, കാനഡ, ഫ്രാൻസ് ഉൾപ്പെടെ 85 വീസാ – ഫ്രീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ബാധകമാണ്. ഇമിഗ്രേഷൻ, കസ്റ്റംസ് നടപടികൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് പദ്ധതി. ഇടിഎ സംവിധാനം രാജ്യത്തിന് ഭീഷണിയാകാവുന്ന വ്യക്തികളെ മുൻകൂട്ടി തടയാൻ കൂടുതൽ അധികാരം നൽകുന്നെന്നും അതോടൊപ്പം, യുകെയിലേക്ക് ഓരോ വർഷവും വരുന്ന ലക്ഷക്കണക്കിന് യാത്രക്കാർക്ക് കൂടുതൽ സുഗമമായ യാത്രാനുഭവവും ഉറപ്പാക്കുമെന്നും ഇമിഗ്രേഷൻ ആൻഡ് സിറ്റിസൺഷിപ്പ് മന്ത്രി മൈക്ക് ടാപ്പ് പറഞ്ഞു. പാസ്പോർട്ട് വിവരങ്ങൾ, ഇമെയിൽ വിലാസം, പണമടയ്ക്കാനുള്ള സംവിധാനം, അപേക്ഷകരുടെ ഫോട്ടോ എന്നിവയാണ് അപേക്ഷ സമർപ്പിക്കുമ്പോൾ ആവശ്യമായ വിവരങ്ങൾ. യുകെ വീസാസ് ആൻഡ് ഇമിഗ്രേഷൻ (UKVI) വകുപ്പിൽ നിന്ന് സാധാരണയായി ഒരു ദിവസത്തിനകം ഇമെയിൽ വഴി അപേക്ഷ സ്റ്റാറ്റസ് അറിയാം.

