പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കസ്റ്റഡിയിൽ വാങ്ങിയ രാഹുൽ മാങ്കൂട്ടത്തിലിനെ തെളിവെടുപ്പിന് തിരുവല്ലയിൽ എത്തിച്ചു. തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിലാണ് എത്തിച്ചത്. ബലാത്സംഗം ഈ ഹോട്ടലിൽ വച്ചാണ് നടന്നതെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ്.
രാവിലെ 5.30ഓടെയാണ് എആർ ക്യാമ്പിൽ നിന്ന് രാഹുലുമായി എസ്ഐടി തിരുവല്ലയിലേക്ക് തിരിച്ചത്. പാലക്കാടും തെളിവെടുപ്പ് നടക്കും. തെളിവെടുപ്പിനിടെ യുവജന രാഷ്ട്രീയ സംഘനകളുടെ പ്രതിഷേധ സാദ്ധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ഇതിന് ശേഷം രാഹുലിനെ വീണ്ടും വിശദമായി ചോദ്യം ചെയ്യും.
മറ്റന്നാളാണ് രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. യുവതിയുടെ പരാതിയിൽ സൂചിപ്പിക്കുന്ന ഫ്ലാറ്റ് ഇടപാട് നടന്ന പാലക്കാടും രാഹുലുമായി തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചിരുന്നു. മൂന്ന് ദിവസത്തേക്കാണ് തിരുവല്ല മജിസ്ട്രേറ്റ് കോടതി രാഹുലിനെ കസ്റ്റഡിയിൽ നൽകിയത്.

