മുക്കം(കോഴിക്കോട്): ഭൂട്ടാനിൽനിന്ന് ആഡംബര കാറുകൾ കള്ളക്കടത്തു നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ കോഴിക്കോട് മുക്കത്തു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കസ്റ്റഡിയിലെടുത്ത വാഹനം കാണാനില്ല. കഴിഞ്ഞ നവംബർ ഒൻപതിന് മുക്കത്തെ ഒരു ഗാരിജിനു സമീപത്തു കണ്ടെത്തിയ വാഹനം കസ്റ്റഡിയിലെടുത്ത ശേഷം ഗാരിജിൽ തന്നെ സൂക്ഷിക്കാൻ ഏൽപിച്ചതായിരുന്നു. കഴിഞ്ഞ ദിവസം മുതൽ വാഹനം കാണാനില്ലെന്നു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം തന്നെയാണ് മുക്കം പൊലീസിൽ പരാതി നൽകിയത്. തുടരന്വേഷണത്തിന്റെ ഭാഗമായി ഗാരിജിലെത്തിയപ്പോഴാണു വാഹനം കാണാതായ കാര്യം വ്യക്തമായത്. വാഹനത്തിൽ, ഹിമാചൽ പ്രദേശിലെ ഷിംല സ്വദേശിയുടെ പേരിലുള്ള ഉടമസ്ഥ രേഖകൾ കീറിയിട്ട നിലയിൽ നേരത്തേ കണ്ടെത്തിയിരുന്നു. ആഡംബര കാർ കള്ളക്കടത്തുമായി ബന്ധപ്പെട്ടു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കഴിഞ്ഞവർഷം സെപ്റ്റംബർ 23നു നടത്തിയ ഓപറേഷൻ നുംഖുർ പരിശോധനയിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നും 16 വാഹനങ്ങൾ പിടിച്ചെടുത്തിരുന്നു.
മലപ്പുറം വെട്ടിച്ചിറയിലെ ഷോറൂമിൽനിന്ന് 13 വാഹനങ്ങളും മുക്കം, കുറ്റിപ്പുറം, കോഴിക്കോട് തൊണ്ടയാട് എന്നിവിടങ്ങളിൽ നിന്നായി 3 വാഹനവും പിടിച്ചെടുത്തിരുന്നു. തൊണ്ടയാട്ടെ ഷോറൂമിൽനിന്നു കണ്ടെത്തിയ കാറും അവിടെത്തന്നെ സൂക്ഷിക്കാൻ കസ്റ്റംസ് നിർദേശിച്ചിരുന്നു. കൊച്ചി കസ്റ്റംസ് നടത്തിയ ‘ഓപ്പറേഷൻ നുമ്ഖോർ’ പരിശോധനയിലാണ് സമീപകാലത്തു ഭൂട്ടാനുമായി ബന്ധപ്പെട്ടു പുറത്തുവന്ന ഏറ്റവും വലിയ വാഹന കള്ളക്കടത്ത് മറനീക്കിയത്. ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ ഭൂട്ടാനിൽനിന്നു കടത്തിയ വാഹനങ്ങൾ പല കൈമറിഞ്ഞ് കേരളത്തിൽ എത്തിച്ച് ഉപയോഗിക്കുന്നത് കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

