തിരുവനന്തപുരം: ലൈംഗികപീഡനക്കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ ഡി.കെ. മുരളി എം.എൽ.എ നൽകിയ പരാതി സ്പീക്കർ എ.എൻ. ഷംസീർ എത്തിക്സ് കമ്മിറ്റിക്ക് വിട്ടു. നിയമസഭയുടെ അന്തസ്സിന് നിരക്കാത്ത കുറ്റകൃത്യങ്ങൾ ചെയ്ത രാഹുലിനെതിരേ ഉചിതമായ നടപടി വേണമെന്നാണ് മുരളി ആവശ്യപ്പെട്ടത്. അധാർമികപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന എംഎൽഎമാരെ നിയമസഭയ്ക്ക് എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുറത്താക്കാം. ഇതിന് എംഎൽഎമാരുടെ പരാതിവേണം. ഈ സാഹചര്യത്തിലാണ് ഡി.കെ. മുരളി പരാതി നൽകിയത്. സ്പീക്കർ കമ്മിറ്റിക്ക് വിട്ടതിനാൽ മുരളിക്ക് ഇനി ആ പരാതി നിയമസഭയിൽ ഉന്നയിക്കാനാവില്ല. കമ്മിറ്റി റിപ്പോർട്ടായിരിക്കും ഇനി സഭയുടെ മുന്നിലെത്തുക. അതനുസരിച്ചുള്ള ശിക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രി അവതരിപ്പിക്കുന്ന പ്രമേയം സഭ പാസാക്കണം. ശാസനമുതൽ പുറത്താക്കൽ വരെയുള്ള ശിക്ഷ സഭയ്ക്ക് നടപ്പാക്കാം. നിയമസഭയിലെ അവകാശങ്ങളും പെരുമാറ്റച്ചട്ടവും (പ്രിവിലേജസ് ആൻഡ് എത്തിക്‌സ്) കമ്മിറ്റി അധ്യക്ഷൻ മുരളി പെരുന്നെല്ലിയാണ്. പി. ബാലചന്ദ്രൻ, എം.വി. ഗോവിന്ദൻ, യു.എ. ലത്തീഫ്, മാത്യു ടി. തോമസ്, ടി.പി. രാമകൃഷ്ണൻ, റോജി എം. ജോൺ, എച്ച്. സലാം, കെ.കെ. ശൈലജ എന്നിവരാണ് സമിതി അംഗങ്ങൾ. ഇതിൽ യു.എ. ലത്തീഫും റോജിയുമാണ് പ്രതിപക്ഷ അംഗങ്ങൾ.

