കണക്ക് അവതരിപ്പിക്കാത്തത് 70 ലക്ഷം കൈയിൽ ഇല്ലാത്തതിനാൽ,​ ആരോപണത്തിൽ ഉറച്ച് വി കുഞ്ഞികൃഷ്ണൻ

  • Home-FINAL
  • Kerala
  • കണക്ക് അവതരിപ്പിക്കാത്തത് 70 ലക്ഷം കൈയിൽ ഇല്ലാത്തതിനാൽ,​ ആരോപണത്തിൽ ഉറച്ച് വി കുഞ്ഞികൃഷ്ണൻ

കണക്ക് അവതരിപ്പിക്കാത്തത് 70 ലക്ഷം കൈയിൽ ഇല്ലാത്തതിനാൽ,​ ആരോപണത്തിൽ ഉറച്ച് വി കുഞ്ഞികൃഷ്ണൻ


കണ്ണൂർ: പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ ആരോപണം ഉന്നയിച്ചതിന് പിന്നാലെ സി.പി.എമ്മിൽ നിന്ന് പുറത്താക്കിയതിന് ശേഷവും ആരോപണത്തിൽ ഉറച്ച് വി. കുഞ്ഞികൃഷ്ണൻ. രക്തസാക്ഷി ഫണ്ട് പിരിവിൽ അടക്കം പാർട്ടിക്ക് പണം നഷ്ടമായിട്ടുണ്ട്‌. ഫണ്ട് സംബന്ധിച്ച കണക്ക് പാർട്ടിയിൽ അവതരിപ്പിക്കാൻ കാലതാമസമുണ്ടായി. മൂന്നുവർഷത്തിന് ശേഷമാണ് കണക്ക് അവതരിപ്പിച്ചത്. അപ്പോഴേക്കും പുതിയ ചെലവുകൾ ചില നേതാക്കൾ കൂട്ടിച്ചേർത്തു. പയ്യന്നൂർ ഏരിയാ കമ്മിറ്റി അംഗങ്ങളെ പൊട്ടൻമാരാക്കുന്ന കണക്കാണ് അവതരിപ്പിച്ചത്. 2021ലെ പാർട്ടി സമ്മേളനത്തിന് തൊട്ടുമുൻപാണ് ഏരിയാ കമ്മിറ്റിയിൽ ഫണ്ട് പിരിവിന്റെ കണക്ക് അവതരിപ്പിച്ചത്. കെട്ടിട നിർമ്മാണത്തിന്റെ കണക്ക് അവതരിപ്പിച്ചപ്പോൾ സഹകരണ ജീവനക്കാരിൽ നിന്ന് പിരിച്ച പണം ഉണ്ടായിരുന്നില്ല. കമ്മിറ്റിയിൽ അവരത് ഉന്നയിച്ചു. പിഴവുകൾ തിരുത്തി 2021ലെ സമ്മേളനത്തിൽ തന്നെ കണക്കുകൾ അവതരിപ്പിക്കാമായിരുന്നു. എന്നാൽ 2024ലെ പാർട്ടി സമ്മേളനത്തിലാണ് കണക്ക് അവതരിപ്പിച്ചത്. 70 ലക്ഷം കൈയിൽ ഇല്ലാത്തതിനാലാണ് കണക്ക് അവതരിപ്പിക്കാൻ കഴിയാത്തത് എന്നും കുഞ്ഞികൃഷ്ണൻ ആരോപിച്ചു.

രണ്ട് സഹകരണ ബാങ്കിൽ നിന്ന് വന്ന പൈസ പാർട്ടിയുടെ അക്കൗണ്ടിൽ അടച്ചില്ല. അടയ്ക്കാത്തത് എന്താണെന്ന് അന്നത്തെ ഏരിയാ സെക്രട്ടറി ആയിരുന്ന ടി.ഐ. മധുസൂദനൻ ആണ് വിശദീകരിക്കേണ്ടത്. സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് എന്നെക്കുറിച്ചും ഫണ്ട് പിരിവിനെ കുറിച്ചും പറഞ്ഞതിൽ പുതിയ കാര്യങ്ങളില്ല. ചില കാര്യങ്ങൾ കേട്ടപ്പോൾ ചിരിയാണ് വന്നതെന്നും കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.