തിരുവനന്തപുരം: ഇ. ശ്രീധരൻ്റെ നേതൃത്വത്തിൽ സിൽവർ ലൈനിനു ബദലായി വരുന്ന തിരുവനന്തപുരം- കണ്ണൂർ വേഗപാത യാഥാർഥ്യമാകുന്നു. ഇ.ശ്രീധരൻ നിർദേശിച്ചിട്ടുള്ള ബദൽ, സംസ്ഥാന സർക്കാർ മുൻപ് കെ.വി.തോമസ് വഴി കേന്ദ്രത്തിനു മുന്നിൽ വച്ചിരുന്നതാണെങ്കിലും കേന്ദ്രറെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പച്ചക്കൊടി കാട്ടിയിരുന്നില്ല. എന്നാൽ ഇ.ശ്രീധരൻ നേരിട്ടു കണ്ടപ്പോൾ പദ്ധതിക്ക് ഡിപിആർ തയാറാക്കാൻ അനുമതി ലഭിച്ചു. ഇടത്, വലത് മുന്നണികളും പുതിയ പാതയ്ക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സിൽവർ ലൈൻ കേന്ദ്രം അംഗീകരിക്കാത്തതിനാൽ പുതിയ പദ്ധതികൾ പരിശോധിക്കുമെന്നും അനുയോജ്യ നിലപാട് സ്വീകരിക്കാവുന്നതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സിൽവർലൈനിന് പകരം പുതിയ പദ്ധതി പരിഗണനയിലുണ്ടെന്നു മാസങ്ങൾക്കു മുൻപ് ഗോവിന്ദൻ കണ്ണൂരിലെ യോഗത്തിലും പ്രസംഗിച്ചിരുന്നു.
രാഷ്ട്രീയ കാരണങ്ങളാലാണു സിൽവർലൈനിന് കേന്ദ്രാനുമതി ലഭിക്കാത്തതെന്നും ഏതു പേരിട്ടു വിളിച്ചാലും വേഗ റെയിൽ പദ്ധതി നടന്നാൽ മതിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മുൻപ് പറഞ്ഞിട്ടുള്ളതിനാൽ പദ്ധതിയെ എൽഡിഎഫ് എതിർക്കാൻ സാധ്യതയില്ല. വേഗ റെയിൽ പാതയ്ക്കു വേണ്ടി ഏറെ പരിശ്രമിച്ചത് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരായതിനാൽ പദ്ധതിയെ യുഡിഎഫ് എതിർക്കുന്നില്ല. പദ്ധതി വരട്ടെയെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സിൽവർലൈൻ പദ്ധതിയെപ്പറ്റി തങ്ങൾ ഉന്നയിച്ച കാര്യങ്ങൾ ശരിയാണെന്നു തെളിഞ്ഞതായി വി.ഡി.സതീശൻ പറഞ്ഞു. സിൽവർ ലൈൻ ഒന്നും പഠിക്കാതെ തട്ടിക്കൂട്ടിയ പ്രോജക്ടായതു കൊണ്ടാണ് എതിർത്തത്. നല്ല കാര്യങ്ങൾ വരുമ്പോൾ എന്തിനാണ് എതിർക്കുന്നതെന്നും സതീശൻ ചോദിക്കുന്നു.

