ശബരി പാത : പദ്ധതി ചെലവിൻ്റെ പകുതി സംസ്ഥാനം വഹിക്കും. കിഫ്ബി ഫണ്ടിൽ നിന്ന് 1900 കോടി രൂപ

  • Home-FINAL
  • Kerala
  • ശബരി പാത : പദ്ധതി ചെലവിൻ്റെ പകുതി സംസ്ഥാനം വഹിക്കും. കിഫ്ബി ഫണ്ടിൽ നിന്ന് 1900 കോടി രൂപ

ശബരി പാത : പദ്ധതി ചെലവിൻ്റെ പകുതി സംസ്ഥാനം വഹിക്കും. കിഫ്ബി ഫണ്ടിൽ നിന്ന് 1900 കോടി രൂപ


തിരുവനന്തപുരം: അങ്കമാലി-എരുമേലി ശബരി റെയിൽ പാതയുടെ പകുതി ചെലവായ 1900 കോടി കിഫ്ബിയിൽ നിന്ന് നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ തുകയുപയോഗിച്ച് എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ 303.58 ഹെക്ടർ ഭൂമി ഏറ്റെടുക്കും. അതോടെ നിർമ്മാണം തുടങ്ങാമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്.

ഭൂമിയേറ്റെടുക്കാൻ 1361 കോടിയും നിർമ്മാണത്തിന് 2439.93 കോടിയുമാണ് ചെലവ്. ഭൂമിയേറ്റെടുക്കാൻ റവന്യൂ അധികൃതർക്ക് നിർദ്ദേശം നൽകി. ആദ്യമായാണ് റെയിൽവേ പദ്ധതിക്ക് പണം നൽകേണ്ടി വരുന്ന സാഹചര്യം ഒരു സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാകുന്നത്.
മന്ത്രി വി.അബ്ദുറഹിമാൻ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലാകലക്ടർമാരുടെ യോഗംവിളിച്ച് ഭൂമിയേറ്റെടുക്കാനുള്ള വിജ്ഞാപനമിറക്കാൻ ഇന്നലെ നിർദ്ദേശം നൽകി. ഭൂമിയേറ്റെടുക്കലിന് സർവേയും സാമൂഹ്യാഘാതപഠനവും പൂർത്തിയാക്കേണ്ടതുണ്ട്. ഇതിനായി റവന്യൂ ഉദ്യോഗസ്ഥരെയും ഏജൻസികളെയും ചുമതലപ്പെടുത്തി. ഭൂമിയേറ്റെടുക്കൽ യൂണിറ്റുകൾ പുനഃസ്ഥാപിക്കാനും സ്പെഷ്യൽ തഹസിൽദാർമാരെ ഭൂമിയേറ്റെടുക്കലിന് നിയോഗിക്കാനും റവന്യൂവകുപ്പിനോടും നിർദ്ദേശിച്ചു. ഭൂമിയേറ്റെടുക്കൽ വിജ്ഞാപനം ഉടൻ ഇറക്കും.

1997-98ലെ റെയിൽവേ ബഡ്ജറ്റിൽ പ്രഖ്യാപിച്ച ശബരിപാത കിഴക്കൻ മലയോര മേഖലകളുടെ സാമ്പത്തിക വളർച്ചയ്ക്ക് വഴിതുറക്കുമെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. 111.48 കി.മി ദൈർഘ്യമുള്ള പാത ശബരിമല തീർത്ഥാടകർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാസൗകര്യമൊരുക്കും.

എട്ടു കി.മി ഭൂമിയേറ്റെടുക്കൽ പൂർത്തിയായിട്ടുണ്ട്. അങ്കമാലി മുതൽ കാലടി വരെയുള്ള ഏഴു കിലോമീറ്റർ പാതയുടെ 90 ശതമാനവും പൂർത്തിയായിരുന്നു.ശേഷിച്ച ഭൂമിയേറ്റെടുക്കലിന് വിജ്ഞാപനമിറക്കിയെങ്കിലും കാലഹരണപ്പെട്ടതിനാൽ വീണ്ടും തുടങ്ങേണ്ടിവരും.

Leave A Comment