തിരുവനന്തപുരം: സമൂഹമാധ്യമത്തിൽ ചർച്ചയായി തിരുവല്ല എംഎൽഎ മാത്യു.ടി.തോമസിന്റെ ഫെയ്സ്ബുക് പോസ്റ്റ്. ഔദ്യോഗിക വാഹനത്തിനു മുന്നില്‍ എംഎല്‍എ എന്നെഴുതാതെ നിയമസഭാംഗം എന്നെഴുതിയ ബോർഡ് വച്ചതിനെ തുടര്‍ന്ന് വാച്ച് ആന്റ് വാർഡിന്റെ ഭാഗത്തുനിന്നുണ്ടായ അനുഭവമാണ് ഫെയ്സ്ബുക് പോസ്റ്റില്‍ എംഎൽഎ പങ്കുവച്ചിരിക്കുന്നത്. ഇന്നലെയായിരുന്നു സംഭവം.
എംഎൽഎ ബോർഡിന് പകരം നിയമസഭാംഗം എന്ന ബോർഡാണ് മാത്യു.ടി തോമസ് ഉപയോഗിച്ചിരുന്നത്. നിയമസഭയുടെ ഔദ്യോഗിക ഭാഷ സമിതിയുടെ അധ്യക്ഷനായതിനാലാണ് ഇംഗ്ലിഷിനു പകരം മലയാളത്തിൽ ബോർഡ് വച്ചത്. എന്നാൽ വാഹനം പാർക്ക് ചെയ്യുന്നതിനിടെ എംഎൽഎയ്ക്ക് മാത്രമേ വാഹനം നിയമസഭാ അങ്കണത്തിൽ വാഹനം പാർക്ക് ചെയ്യാൻ സാധിക്കുവെന്നും നിയമസഭാംഗത്തിന് പറ്റില്ലെന്നും വാച്ച് ആന്റ് വാർഡ് അറിയിക്കുകയായിരുന്നു.
ഫെയ്സ്ബുക് പോസ്റ്റ് ഇങ്ങനെ:
‘‘ഞാൻ 2018 മുതൽ ഉപയോഗിക്കുന്ന കാറാണിത്. രണ്ടേകാൽ ലക്ഷം കി.മി ഓടിക്കഴിഞ്ഞു. ഇന്ന് നിയമസഭയിൽ ചെന്ന് പാർക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ എന്നെ അത്ര പരിചയം ഇല്ലാത്ത ഒരു വാച്ച് & വാർഡ്, ഡ്രൈവർ സീറ്റിൽ ഇരിക്കയായിരുന്ന എന്നോട് വളരെ വിനയത്തോടെ പറഞ്ഞു. ‘ഇവിടെ MLA മാരുടെ വാഹനങ്ങൾക്കു മാത്രേ പാർക്കിങ് അനുവദിക്കൂ’. നിയമസഭ അംഗങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പറ്റില്ലേ എന്ന എന്റെ ചോദ്യത്തിന് ഉടനെ മറുപടി വന്നു. ‘MLA മാരുടെ വാഹനം മാത്രമേ പറ്റു’. MLA എന്ന് ഇംഗ്ലിഷിൽ എഴുതിയാലേ ഒരു ഗമ ആവൂ എന്ന് പല തവണ എന്റെ ഡ്രൈവർ വിഷ്ണു പറഞ്ഞിട്ടുള്ളത് എത്ര ശരിയാണ് എന്ന് ഇന്ന് ബോധ്യപ്പെട്ടു. നിയമസഭയുടെ ഔദ്യോഗിക ഭാഷ സമിതിയുടെ അധ്യക്ഷൻ കൂടിയായ ഞാൻ ഇതിങ്ങനെ പോട്ടെ എന്ന് തീരുമാനിക്കുന്നു’’.

