ട്വൻ്റി 20 ലോകകപ്പ്: ഓസ്‌ട്രേലിയയെ തകർത്ത് സിംബാബ്‌വെ

  • Home-FINAL
  • Sports
  • ട്വൻ്റി 20 ലോകകപ്പ്: ഓസ്‌ട്രേലിയയെ തകർത്ത് സിംബാബ്‌വെ

ട്വൻ്റി 20 ലോകകപ്പ്: ഓസ്‌ട്രേലിയയെ തകർത്ത് സിംബാബ്‌വെ


കൊളംബോ: ട്വൻറി 20 ലോകകപ്പിൽ മുൻ ലോകചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തകർത്ത് സ്വിം ബാവെ.. ടോസ് നേടി സിംബാബ്‌വെയെ ബാറ്റിംഗിനയച്ച ഓസ്‌ട്രേലിയക്ക് ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങാനായില്ല. 23 റൺസി‌നാണ്‌ ഓസ്ട്രേലിയ പരാജയപ്പെട്ടത്. സിംബാബ്‌വെയ്‌ക്കെതിരെ ട്രാവിസ് ഹെഡാണ് ഓസ്ട്രേലിയയെ നയിച്ചത്. ഓപ്പണർമാർ ബ്രയാൻ ബെന്നറ്റും, തടിവനാഷെ മറുമാനിയും ചേർന്ന് ഗംഭീര തുടക്കമാണ് സിംബാബ്‌വെയ്‌ക്ക് നൽകിയത്. ഏഴ് ഓവറിൽ 60 റൺസ് കടന്നശേഷമാണ് ആദ്യ വിക്കറ്റ് വീണത്. റയാൻ ബൾ (35) ബെന്നറ്റിനൊപ്പം മികച്ചരീതിയിൽ ബാറ്റ് വീശിയതോടെ സ്‌കോർ വീണ്ടും മുന്നോട്ട്. 16-ാം ഓവറിൽ 131 റൺസ് ടീം സ്‌കോർ നിൽക്കവെയാണ് ബൾ പുറത്തായത്. തുടർന്ന് നായകൻ സിക്കന്ദർ റാസ (13 പന്തിൽ 25)ക്കൊപ്പം 20 ഓവറിൽ സിംബാബ്‌വെ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 169 റൺസ് നേടി.

മറുപടി ബാറ്റിംഗ് തുടങ്ങിയ ഓസീസിന് 30 റൺസ് തികയും മുൻപ് നാല് വിക്കറ്റുകൾ നഷ്‌ടമായി. ജോഷ് ഇംഗ്ളിസ് (8), കാമറൂൺ ഗ്രീൻ, ടിം ഡേവിഡ്‌ (ഇരുവരും പൂജ്യം), നായകൻ ഹെഡ് (17) എന്നിവരെ പെട്ടെന്ന് നഷ്‌ടമായി. മദ്ധ്യനിരയിൽ ക്ഷമയോടെ കളിച്ച മാക്‌സ്‌വെൽ (32 പന്തുകളിൽ 31), മാറ്റ് റെൻഷോ (44 പന്തിൽ 65) എന്നിവർ ഓസ്‌ട്രേലിയയ്‌ക്ക് പിന്നെയും പ്രതീക്ഷയേകി. 77 റൺസ് കൂട്ടുകെട്ട് ഇരുവരും ചേർന്ന് നേടി. ഇത് തകർത്തതോടെ സിംബാബ്‌വെ മത്സരം തിരികെപിടിച്ചു.

ബ്‌ളെസിംഗ് മുസറബാനി നാലോവറിൽ 17 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ വീഴ്‌ത്തി. ബ്രാഡ് ഇവൻസ് 23റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ നേടി. വെല്ലിംഗ്ടൺ മസാക‌ഡ്‌സ, റിയാൻ ബൾ എന്നിവർ ഓരോ വിക്കറ്റുവീതം എടുത്തു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്‌ത്തിയ മുസറബാനിയാണ് സിംബാബ്‌വെയെ തുണച്ചത്. 19.3 ഓവറിൽ 146 റൺസിന് ഓസ്‌ട്രേലിയ ഓൾഔട്ടായി. നിലവിൽ രണ്ട് ജയത്തോടെ ഗ്രൂപ്പ് ബിയിൽ സിംബാബ്‌വെ രണ്ടാം സ്ഥാനത്തെത്തി. ഓസ്ട്രേലിയ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ്.

Leave A Comment