ന്യൂഡൽഹി:2030ഓടെ 30,000 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഫ്രാൻസിൽ അവസരം ലഭിക്കും. പരസ്പര നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യയും ഫ്രാൻസും കരാറൊപ്പിട്ടതോടെയാണിത്.ഇരട്ട നികുതി ഒഴിവാക്കാനുള്ള സുപ്രധാന കരാറിലും ഒപ്പിട്ടു. ഫ്രാൻസിൽ നിന്ന് ഇന്ത്യൻ വ്യോമസേനയ്ക്ക് 114 റാഫേൽ യുദ്ധ വിമാനങ്ങൾ വാങ്ങാനുള്ള 3.25 ലക്ഷം കോടിയുടെ ഇടപാടിനും കരാറായി.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും മുംബയ് ലോക്ഭവനിൽ നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷമാണിത്. ഇരുരാജ്യങ്ങളിലും മിലിട്ടറി ഉദ്യോഗസ്ഥരെ പരസ്പരം വിന്യസിക്കും. പ്രതിരോധ കരാറുകൾ പുതുക്കും.
ഇരട്ട നികുതി ഒഴിവാക്കുന്നതോടെ ഇന്ത്യൻ സ്ഥാപനങ്ങൾ ഫ്രാൻസിന് നൽകുന്ന നികുതി ബാദ്ധ്യത കുറയും. ഇരട്ട നികുതിയിൽ നിന്ന് മുക്തമാകുന്നത് പരസ്പര വ്യാപാരം, നിക്ഷേപം, ചലനാത്മകത എന്നിവയെ ഉത്തേജിപ്പിക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഒന്നിച്ച് അഭിവൃദ്ധിപ്പെടാനുള്ള വഴിയാണിതെന്നും പറഞ്ഞു. ധാതുക്കൾ, ബയോടെക്നോളജി, സാമ്പത്തികം, സ്റ്റാർട്ടപ്പുകൾ, ശാസ്ത്ര സാങ്കേതിക വിദ്യ, ആരോഗ്യം, പുനരുപയോഗ ഊർജം, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിലും സഹകരിക്കും.
ജനങ്ങൾ തമ്മിലുള്ള ബന്ധംശക്തിപ്പെടുത്താനുള്ള ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ 2026 പരിപാടിയും നേതാക്കൾ ഉദ്ഘാടനം ചെയ്തു. പ്രതിരോധം, ഊർജം ബഹിരാകാശം, പുതിയ സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിലെ വ്യവസായികളെ ബന്ധിപ്പിക്കാനും ഇത് ഉപയോഗിക്കും. കർണാടകയിലെ എച്ച്-125 ഹെലികോപ്ടർ അസംബ്ളി യൂണിറ്റ് ഇരുനേതാക്കളും വെർച്വലായി ഉദ്ഘാടനം ചെയ്തു.
ഫ്രാൻസിൽ സ്വാമി വിവേകാനന്ദ സാംസ്കാരിക കേന്ദ്രം, ഇന്തോ-ഫ്രഞ്ച് സെന്റർ ഫോർ ഡിജിറ്റൽ സയൻസസ് ആന്റ് ടെക്നോളജി, ഡൽഹി എയിംസിൽ ഇന്തോ-ഫ്രഞ്ച് സെന്റർ ഫോർ എ.ഐ ഇൻ ഹെൽത്ത്, ഫ്രാൻസിൽ ഇന്തോ-ഫ്രഞ്ച് സെന്റർ ഫോർ മെറ്റബോളിക് ഹെൽത്ത് സയൻസസ്, എയ്റോനോട്ടിക്സ് പരിശീലനത്തിനുള്ള സെന്റർ ഫോർ എക്സലൻസ്, പകർച്ചവ്യാധികളുമായി ബന്ധപ്പെട്ട ഗവേഷണം തുടങ്ങിയ സംയുക്ത പദ്ധതികളിലും ധാരണയായി.
മാരക പ്രഹരശേഷിയുള്ള ഹാമർ പ്രിസിഷൻ-ഗൈഡഡ് മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കാനുള്ള കരാറിൽ ഫ്രാൻസിലെ സഫ്രാൻ കമ്പനിയും ഇന്ത്യയുടെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും ഒപ്പിട്ടു

