ആലിന്റെ അവയവദാനത്തെ മൻ കീ ബാത്തിൽ പ്രകീർത്തിച്ച് പ്രധാനമന്ത്രി; മാതാപിതാക്കൾക്ക് അഭിനന്ദനം

  • Home-FINAL
  • India
  • ആലിന്റെ അവയവദാനത്തെ മൻ കീ ബാത്തിൽ പ്രകീർത്തിച്ച് പ്രധാനമന്ത്രി; മാതാപിതാക്കൾക്ക് അഭിനന്ദനം

ആലിന്റെ അവയവദാനത്തെ മൻ കീ ബാത്തിൽ പ്രകീർത്തിച്ച് പ്രധാനമന്ത്രി; മാതാപിതാക്കൾക്ക് അഭിനന്ദനം


ന്യൂഡൽഹി: അവയവദാനത്തിൽ പുതുചരിത്രം കുറിച്ച ആലിൻ ഷെറിൻ എബ്രഹാമിനെ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കീ ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുഞ്ഞിന്റെ അവയവദാനത്തിന് സന്നദ്ധരായ ആലിന്റെ മാതാപിതാക്കളെ അദ്ദേഹം അഭിനന്ദിച്ചു. ഏതൊരു രക്ഷിതാവിനും സ്വന്തം കുഞ്ഞിനെ നഷ്ടമാകുന്നതിനേക്കാൾ വലുതായി മറ്റൊരു വേദനയില്ല. തീരെ ചെറിയ കുഞ്ഞിനെ നഷ്ടമാകുന്ന വേദന അതിനേക്കാൾ ആഴമേറിയതാണ്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് കേരളത്തിൽനിന്നുള്ള നിഷ്‌കളങ്കയായ ഒരു കുഞ്ഞുപെൺകുട്ടിയെ-ആലിൻ ഷെറിൻ എബ്രഹാമിനെ നമുക്ക് നഷ്ടമായി. അവളുടെ മാതാപിതാക്കളുടെ വേദന വാക്കുകൾകൊണ്ട് പ്രകടിപ്പിക്കാനാക്കില്ല. എന്നാലും ആ വേദനയ്ക്കിടയിലും ആലിന്റെ മാതാപിതാക്കളായ അരുൺ എബ്രഹാനും ഷെറിനും ഒരു തീരുമാനമെടുത്തു. അവർ ആലിന്റെ അവയവദാനത്തിന് തയ്യാറായി. ആ ഒരൊറ്റ തീരുമാനത്തിലൂടെ വ്യക്തമാകുന്നുണ്ട്, അവരുടെ ചിന്ത എത്ര വലുതും വ്യക്തിത്വം എത്ര വിശാലവുമാണെന്ന്, മോദി പറഞ്ഞു. ആലിൻ ഇന്ന് നമുക്കൊപ്പമില്ല. എന്നാൽ അവളുടെ പേര് രാജ്യത്തെ പ്രായംകുറഞ്ഞ അവയവദാതാക്കളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുകയാണ്. രാജ്യത്ത് അവയവദാനത്തെക്കുറിച്ചുള്ള അവബോധം കൂ‌ടി വരുന്നു. ആലിനെപ്പോലെ അവയവദാനത്തിലൂടെ മറ്റൊരാൾക്ക് പുതുജീവൻ നൽകിയ നിരവധി പേരുണ്ട്, പ്രധാനമന്ത്രി പറഞ്ഞു.

പത്തനംതിട്ട നെടുങ്ങാടപ്പള്ളി വാലുമണ്ണിൽ അരുൺ എബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും മകളായിരുന്നു പത്തുമാസം പ്രായക്കാരിയായ ആലിൻ. ഫെബ്രുവരി അഞ്ചിന് മാതാപിതാക്കളോടൊപ്പം കാറിൽ സഞ്ചരിക്കുമ്പോൾ എം.സി. റോഡിൽ പള്ളം ബോർമ കവലയിൽ എതിർദിശയിൽ നിന്നെത്തിയ വാഹനം ഇടിച്ചുണ്ടായ അപകടത്തിൽപ്പെട്ട് ദിവസങ്ങളോളം ചികിത്സയിലായിരുന്നു ആലിൻ. മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതോടെയാണ് മാതാപിതാക്കൾ അവയവദാനത്തിന് തീരുമാനിച്ചത്. നാലുകുട്ടികൾക്ക് പുതുജീവനേകിയാണ് ആലിൻ യാത്രയായത്.

Leave A Comment