ഈ വർഷത്തെ എസ്.കെ. പൊറ്റെക്കാട് സ്മാരക സാഹിത്യപ്രതിഭാ പുരസ്‌കാരം ബഹ്റൈൻ പ്രവാസിയായ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ അജിത് നായർ ഏറ്റുവാങ്ങി. പ്രശസ്ത മലയാള സാഹിത്യകാരൻ എം. മുകുന്ദൻ ആണ് മാഹി കലാഗ്രാമത്തിൽ നടന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിച്ചത്.പുരസ്‌കാരം സമർപ്പിച്ച് സംസാരിച്ച എം. മുകുന്ദൻ, “നല്ല നോവലുകൾ സത്യം മാത്രമേ പറയൂ” എന്നത് സാഹിത്യത്തിന്റെ യഥാർത്ഥ സ്വഭാവമാണെന്ന് അഭിപ്രായപ്പെട്ടു. അർദ്ധസത്യങ്ങളും അസത്യങ്ങളും നിറഞ്ഞ ഇന്നത്തെ കാലഘട്ടത്തിൽ ശക്തമായ എഴുത്തിന്റെയും വ്യാപകമായ വായനയുടെയും ആവശ്യകത ഏറെ പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ യുവത്വം ഇപ്പോഴും വായനയുടെ ലോകത്തോട് അടുപ്പം പുലർത്തുന്നത് സാഹിത്യത്തിന് പ്രതീക്ഷ നൽകുന്ന കാര്യമായും അദ്ദേഹം കൂട്ടിച്ചേർത്തു.മൂന്ന് പതിറ്റാണ്ടിലേറെയായി ബഹ്റൈനിൽ പ്രവാസിയായ അജിത് നായർ സാഹിത്യം, സിനിമാ സംവിധാനം, ഛായാഗ്രഹണം, യാത്രാവിവരണം തുടങ്ങിയ വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിയാണ്. വയനാട് കൽപറ്റ സ്വദേശിയായ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കൃതി “പറഞ്ഞാലും തീരാത്ത കഥകൾ” വായനക്കാരുടെ ശ്രദ്ധ നേടിയിരുന്നു.മനുഷ്യജീവിതത്തിലെ ലളിത നിമിഷങ്ങളെ ആഴമുള്ള ആഖ്യാനശൈലിയിലൂടെ അവതരിപ്പിച്ചതിനാണ് അജിത് നായർക്ക് ഈ വർഷത്തെ എസ്.കെ. പൊറ്റെക്കാട് സ്മാരക സാഹിത്യപ്രതിഭാ പുരസ്‌കാര ലഭിച്ചത്. ബഹ്റൈനിൽ പൂർണ്ണമായും ചിത്രീകരിച്ച ആദ്യ മലയാള സിനിമയായ “നിലാവ്” സംവിധാനം ചെയ്തതും അജിത് നായർ തന്നെയാണ്.പുരസ്‌കാരം ഏറ്റുവാങ്ങിയ അജിത് നായരേ ബഹ്‌റൈൻ മീഡയ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് എല്ലാവിധ അനുമോദനവും ആശംസകളും അറിയിച്ചു.

