ബഹ്റൈനിൽ കേരള നേറ്റീവ് ബോൾ അസോസിയേഷൻ (കെഎൻബിഎ) ബഹ്റൈൻ കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. സൽമാനിയ മെഡിക്കൽ ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിൽ ഏകദേശം അൻപതോളം പേർ രക്തം ദാനം ചെയ്ത് ജീവദാനത്തിന്റെ മഹത്വം വീണ്ടും ഓർമിപ്പിച്ചു.ക്യാമ്പിന്റെ ഉദ്‌ഘാടനം ബിഎംസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് നിർവഹിച്ചു.

വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികളായ ഇ വി രാജീവൻ, അൻവർ നിലമ്പൂർ, സെയ്ദ് ഹനീഫ, തോമസ് ഫിലിപ്പ്, ജയേഷ് താന്നിക്കൽ, തൻസീർ എന്നിവർ ക്യാമ്പ് സന്ദർശിച്ച് സംഘാടകർക്കും രക്തദാതാക്കൾക്കും അഭിനന്ദനം അർപ്പിച്ചു.ക്യാമ്പ് കെഎൻബിഎ ചെയർമാൻ രഞ്ജിത്ത് കുരുവിള, പ്രസിഡണ്ട് ജിതിൻ, രക്ഷാധികാരികളായ മോബി കുറിയാക്കോസ്, ഷോൺ പൊന്നൂസ് എന്നിവരുടെ നേതൃത്വത്തിൽ ഏകോപിപ്പിച്ചു. മെഡിക്കൽ ക്യാമ്പ് വിജയകരമാക്കുന്നതിൽ സഹകരിച്ച എല്ലാ സംഘടനകൾക്കും, രക്തദാതാക്കൾക്കും മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ ബിബിൻ വർഗീസ് നന്ദി അറിയിച്ചു. രാജ്യം നേരിടുന്ന പ്രതിസന്ധികളിൽ തളരാതെ കൈത്താങ്ങുമായി നിൽക്കാൻ അവസരം ലഭിച്ചതിൽ സംതൃപ്തിയുണ്ടെന്ന് സംഘാടകർ വ്യക്തമാക്കി. പ്രവാസി സമൂഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയുടെ മറ്റൊരു ഉദാഹരണമായി ക്യാമ്പിനെ അവർ വിലയിരുത്തി.

