തിരുവനന്തപുരം: യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓർമ്മകളുമായി
കുരുത്തോലകളേന്തി ക്രൈസ്തവർ ഇന്ന് ഓശാനപ്പെരുന്നാൾ ആചരിക്കുന്നു. സഹനത്തിന്റെയും കുരിശുമരണത്തിന്റെയും ദിനങ്ങളായ പീഡാനുഭവ വാരത്തിന് ഇതോടെ തുടക്കമായി. യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെയും അന്ത്യ അത്താഴത്തിന്റെയും കാൽവരിക്കുന്നിലെ കുരിശുമരണത്തിന്റെയും ഉയിർപ്പുതിരുനാളിന്റെയും ഓർമ്മ പുതുക്കുന്ന അവസരമാണിത്. യേശുക്രിസ്തുവിനെ കഴുതപ്പുറത്തിരുത്തി യഹൂദജനം രാജകീയപദവികളോടെ ഒലിവിൻ ചില്ലകളേന്തി ജറുസലേം നഗരത്തിലേക്ക് വരവേറ്റതിന്റെ അനുസ്മരണമായാണ് ഓശാന ഞായറിലെ തിരുക്കർമ്മങ്ങൾ. പ്രത്യേക പ്രാർത്ഥനകളിൽ പങ്കെടുക്കാൻ പുലർച്ചെ തന്നെ വിശ്വാസികൾ ദേവാലയങ്ങളിൽ എത്തിയിരുന്നു.
തലസ്ഥാനത്ത് പാളയം സെന്റ് ജോസഫ് മെട്രോപോളിറ്റൻ കത്തീഡ്രലിൽ നടന്ന പ്രാർത്ഥനാ ചടങ്ങുകൾക്ക് ലത്തീൻ അതിരൂപത ആർച്ചുബിഷപ്പ് തോമസ് ജെ. നെറ്റോ മുഖ്യ കാർമ്മികത്വം വഹിച്ചു. പള്ളിയിൽ നിന്ന് ആരംഭിച്ച കുരുത്തോല പ്രദക്ഷിണം യൂണിവേഴ്സിറ്റി കോളേജ് പരിസരത്തുനിന്നും തിരിഞ്ഞ് വീണ്ടും ദേവാലയത്തിൽ സമാപിച്ചു.കൊച്ചിയിൽ സെന്റ് മേരീസ് ബസിലിക്കയിൽ നടന്ന തിരുകർമ്മങ്ങൾക്ക് സിറോ മലബാർ സഭ അദ്ധ്യക്ഷൻ മാർ റാഫേൽ തട്ടിൽ നേതൃത്വം നൽകി. സംസ്ഥാനത്തെ മറ്റുദേവാലയങ്ങളിലും തീർത്ഥാടന കേന്ദ്രങ്ങളിലും ഓശാനയോടനുബന്ധിച്ചുള്ള പ്രാർത്ഥനാച്ചടങ്ങുകൾ നടന്നു. വൻ ജനബാഹുല്യമാണ് ഇവിടങ്ങളിലും.

