ന്യൂഡൽഹി: ലോക്സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിനുമുള്ള ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിച്ചു. ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ വോട്ടെടുപ്പിലൂടെയാണ് ബില്ലുകൾക്ക് അവതരണാനുമതി നൽകിയത്. അനുകൂലിച്ച് 251 പേരും എതിർത്ത് 185 പേരും വോട്ട് ചെയ്തു. മൂന്ന് ബില്ലിന്മേലും 12 മണിക്കൂർ ചർച്ചയാകാമെന്നും വെള്ളിയാഴ്ച വൈകുന്നേരം നാലിന് ബില്ലുകളിൽ വോട്ടെടുപ്പ് നടത്തുമെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. ആവശ്യമെങ്കിൽ ചർച്ച 18 മണിക്കൂർ വരെ നീട്ടാമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർളയും വ്യക്തമാക്കി.
ബില്ലുകളെ എതിർക്കുന്നെന്ന് കെ.സി.വേണുഗോപാൽ ലോക്സഭയിൽ പറഞ്ഞു. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തകർക്കുന്നതാണ് ഈ ബില്ലുകൾ. ബില്ലിനു പിന്നിലുള്ള ലക്ഷ്യം എന്താണെന്ന് രാജ്യത്തിനു മുഴുവൻ അറിയാം. 2023ൽ ലോക്സഭയിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ബിൽ ഇരുസഭകളും പാസാക്കിയിരുന്നു. എന്നാൽ ഇപ്പോൾ കേന്ദ്രം നടത്തുന്നത് ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നും വേണുഗോപാൽ പറഞ്ഞു. ബില്ലിനെതിരായ വിമർശനങ്ങൾ ചർച്ചയിൽ ഉന്നയിക്കാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

