മുഖ്യമന്ത്രി ചർച്ച: അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ്

  • Home-FINAL
  • Kerala
  • മുഖ്യമന്ത്രി ചർച്ച: അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ്

മുഖ്യമന്ത്രി ചർച്ച: അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ്


മലപ്പുറം: യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നടക്കുന്ന പരസ്യ ചർച്ചകളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് മുസ്ലിം ലീഗ് . തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ മുഖ്യമന്ത്രി ആരാകണമെന്ന് സംബന്ധിച്ച് കോൺഗ്രസിനകത്ത് നടക്കുന്ന തർക്കങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ മുന്നണിയെ പരിഹാസ്യരാക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. കൊടുംചൂടിൽ യുഡിഎഫിന്റെ വിജയത്തിനായി കഷ്ടപ്പെട്ട ലക്ഷക്കണക്കിന് പ്രവർത്തകരുടെ ത്യാഗത്തെ വിസ്മരിക്കുന്നതാണ് ഇത്തരം പരസ്യ തർക്കങ്ങൾ എന്ന് ലീഗ് ആരോപിക്കുന്നു. ഇത് വോട്ടർമാർക്കിടയിലും പ്രവർത്തകർക്കിടയിലും നിരാശ ഉണ്ടാക്കാൻ മാത്രമേ ഉപകരിക്കൂ.

വോട്ടെണ്ണി ഭൂരിപക്ഷം കിട്ടിയ ശേഷം മാത്രമേ അത്തരം ചർച്ചകൾ നടത്താവൂ എന്നും പി.എം.എ സലാം വ്യക്തമാക്കി. ചർച്ചകൾ പാർട്ടിക്കുള്ളിൽ നടത്തുന്നതിൽ കുഴപ്പമില്ലെങ്കിലും അത് പൊതുസമൂഹത്തിലേക്ക് ഇട്ടത് ഉചിതമായില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കെ.സി വേണുഗോപാലിനെ പിന്തുണച്ച് കെ. സുധാകരൻ പരസ്യമായി രംഗത്ത് വന്നതും വി.ഡി സതീശനായി സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങളും ലീഗ് ഗൗരവത്തോടെയാണ് കാണുന്നത്. എ.പി അനിൽകുമാർ പാണക്കാട് എത്തി ലീഗ് നേതാക്കളെ കണ്ടത് ഇത്തരം ചർച്ചകളുടെ ഭാഗമാണെന്ന വിലയിരുത്തലുണ്ടെങ്കിലും, തർക്കങ്ങളിൽ കക്ഷിചേരാൻ ലീഗ് താല്പര്യപ്പെടുന്നില്ല.

Leave A Comment