കോഴിക്കോട് സ്ട്രോങ് റൂം തുറന്നു; തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമമെന്ന് യുഡിഎഫ്

  • Home-FINAL
  • Kerala
  • കോഴിക്കോട് സ്ട്രോങ് റൂം തുറന്നു; തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമമെന്ന് യുഡിഎഫ്

കോഴിക്കോട് സ്ട്രോങ് റൂം തുറന്നു; തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമമെന്ന് യുഡിഎഫ്


കോഴിക്കോട്: കോഴിക്കോട് ജെഡിടി ഇസ്‌ലാം സ്കൂളിൽ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂം തുറന്നതുമായി ബന്ധപ്പെട്ട്‌ വിവാദം. ഇന്ന് രാവിലെ 11.30 ഓടെയാണ് സ്ട്രോങ് റൂം തുറന്നത്. എന്നാൽ ജെഡിടിയിലെ സ്ട്രോങ് റൂം തുറന്നു എന്ന രീതിയിൽ വരുന്ന വാർത്ത തെറ്റാണെന്ന് പേരാമ്പ്ര റിട്ടേണിങ് ഓഫിസർ പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എൻകോർ സോഫ്റ്റ്‌വെയറിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനായി, പേരാമ്പ്ര മണ്ഡലത്തിലെ പോളിങ് രേഖകൾ സൂക്ഷിച്ച സീൽ ചെയ്യാത്ത മുറിയാണ് സ്ഥാനാർഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിൽ തുറന്നത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളോ പോസ്റ്റൽ ബാലറ്റുകളോ സൂക്ഷിച്ച മുറി അല്ല തുറന്നതെന്നും റിട്ടേണിങ് ഓഫിസർ അറിയിച്ചു.

സംഭവത്തിൽ അട്ടിമറി സംശയിക്കുന്നതായി യുഡിഎഫ് ആരോപിച്ചു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടന്നതായും സംഭവത്തിൽ അങ്ങേയറ്റം ദുരൂഹത സംശയിക്കുന്നുവെന്നും കോൺഗ്രസ് നേതാക്കളായ എം.കെ. രാഘവൻ, ഡിസിസി അധ്യക്ഷൻ പ്രവീൺകുമാർ തുടങ്ങിയവർ പറഞ്ഞു. സ്ട്രോങ് റൂമിന്റെ സുരക്ഷ പൂർണമായും ബിഎസ്എഫിനെ ഏൽപ്പിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. അതേസമയം, സ്ട്രോങ് റൂമിനു സമീപത്തെ റൂം തുറക്കുന്ന കാര്യം റിട്ടേണിങ് ഓഫിസർ അറിയിച്ചിരുന്നുവെന്ന് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ്‌ലിയ പറഞ്ഞു. രാവിലെ എട്ടു മണിക്കാണ് വിളിച്ച് അറിയിച്ചത്. ഒമ്പത് മണിക്ക് എത്തണമെന്നാണ് ആവശ്യപ്പെട്ടത്. താൻ എത്തുമ്പോഴേക്കും മുറി തുറന്നിരുവെന്നും ഫാത്തിമ തഹ്‌ലിയ പറഞ്ഞു.

Leave A Comment