കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെൻ്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻറെ മരണത്തിൽ തലശേരി അഡീഷനൽ സെഷൻസ് കോടതിയുടെ ഉത്തരവിലെ വിശദാംശങ്ങൾ പുറത്ത്. രണ്ടാം പ്രതി കെ.ടി. സംഗീത നമ്പ്യാർക്ക് മുൻകൂർ ജാമ്യം അനുവദിച്ചും വകുപ്പ് മേധാവി എം.കെ. റാമിന് മുൻകൂർ ജാമ്യം നിഷേധിച്ചുമുള്ള വിധിയുടെ വിശദാംശങ്ങളാണ് പുറത്തുവന്നത്. പ്രതികൾ നിതിനെ ജാതീയമായി അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു. വിദ്യാർഥികളോടുള്ള റാമിൻറെ പെരുമാറ്റം മോശമായിരുന്നുവെന്നും എന്നാൽ അത് ജാതിയെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും വിധിയിൽ പറയുന്നു. നിതിൻ രാജ് ലോൺ ആപ്പുകാരുടെ ഭീഷണി കാരണം കടുത്ത മാനസിക സമ്മർദത്തിലായിരുന്നു.
പ്രിൻസിപ്പാളിൻറെ മുറിയിൽ വച്ച് നടന്ന ചോദ്യം ചെയ്യലും തുടർന്നുണ്ടായ സൈബർ പരാതിയെക്കുറിച്ചുള്ള ഭയവുമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. പ്രിൻസിപ്പലിൻറെ മുറിയുടെ സമീപം റാമിൻറെ സാന്നിധ്യവും വിദ്യാർഥികളുടെ മൊഴികളുമടക്കം പ്രോസിക്യൂഷൻ വാദങ്ങൾ കോടതി ശരിവച്ചു. ഈ സാഹചര്യത്തിൽ റാമിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി. സംഗീത നമ്പ്യാർക്ക് എതിരെ പ്രഥമദൃഷ്ട്യാ തെളിവുകളൊന്നും ലഭ്യമല്ലെന്നും ഇതിനാലാണ് ജാമ്യം അനുവദിക്കുന്നതെന്നുമാണ് കോടതി ഉത്തരവിലുള്ളത്.

