ഐ വൈ സി സി ബഹ്റൈൻ നിലവിലെ ദേശീയ കമ്മിറ്റി അംഗവും,ഹമദ് ടൗൺ ഏരിയ മുൻ ഏരിയാ വൈസ് പ്രസിഡണ്ടുമായിരുന്ന സജീവൻ ചന്ദ്രൻ ചല്ലിയിലിന്റെ അകാല നിര്യാണത്തിൽ അനുശോചിച്ച് ഹമദ് ടൗൺ കെ എം സി സി ഹാളിൽ വച്ച് അനുസ്മരണയോഗം സംഘടിപ്പിച്ചു. ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന യോഗത്തിൽ ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്ത് അധ്യക്ഷത വഹിച്ചു.
ഏപ്രിൽ 17ന് ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച സജീവന്റെ ഭൗതിക ശരീരം ഐവൈസിസി ബഹ്റൈൻ കേന്ദ്ര കമ്മിറ്റി ഇടപെട്ട് നാട്ടിലേക്ക് എത്തിക്കുകയും, ഏപ്രിൽ 21ന് തൃശ്ശൂർ സ്വദേശമായ വീട്ടിൽ സംസ്കാര ചടങ്ങുകൾ നടത്തുകയും ചെയ്തു.സംഘടനയിൽ സൗമ്യവും എല്ലാവർക്കും സമീപിക്കാവുന്നതുമായ മുഖമായിരുന്നു എന്നും, ജീവിതം മുഴുവൻ കുടുംബത്തിനും സമൂഹത്തിനുമായി സമർപ്പിച്ചിരുന്ന നല്ല മനുഷ്യനായിരുന്നു അദ്ദേഹം. സംഘടനാ പ്രവർത്തനങ്ങളിൽ മാത്രമല്ല, സാമൂഹിക പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു സജീവൻ ചന്ദ്രൻ എന്ന് അനുസ്മരണ പ്രസംഗങ്ങളിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.ബഹ്റൈനിലും കേരളത്തിലും വിശാലമായ സൗഹൃദ ബന്ധങ്ങൾ പുലർത്തിയിരുന്ന അദ്ദേഹം എല്ലാവർക്കും പ്രിയങ്കരനായിരുന്നു. പ്രായ ഭേദമന്യേ ഏവർക്കും
സജീവനെക്കുറിച്ചുള്ള സ്നേഹസ്മരണകൾ ഇന്നും നിലനിൽക്കുന്നുവെന്ന് യോഗത്തിൽ പങ്കെടുത്തവർ പ്രത്യേകം ചൂണ്ടിക്കാട്ടി.ഷാഫി വയനാട്, ശരത്ത് കണ്ണൂർ, രഞ്ജിത്ത് മാഹി, നസീർ പൊന്നാനി, അനസ് റഹീം, ജിതിൻ പരിയാരം, ഷംഷാദ് കാക്കൂർ, മുഹമ്മദ് ഷമ്മാസ്, അരുൺ കുമാർ, പ്രദീപ്, സനൽ, ഫൈസൽ ചാവക്കാട്, ജയൻ കണ്ണൂർ, വിവേക്, സജീവൻ, ജോയ് എന്നിവർ അനുസ്മരിച്ചു സംസാരിച്ചു. ദേശീയ ജനറൽ സെക്രട്ടറി സലീം അബു താലിബ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ദേശീയ ട്രഷറർ ഷഫീഖ് സൈഫുദീൻ നന്ദി രേഖപ്പെടുത്തി.

