കൊച്ചി: മുതിർന്ന അഭിഭാഷക എ കെ പ്രീത കേരള ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു.
തിരുവനന്തപുരം കേരള ലോ അക്കാദമിയിൽനിന്ന് നിയമബിരുദം നേടിയ പ്രീത, 1997 ഒക്ടോബർ 26ന് അഭിഭാഷകയായി. കേരള ഹൈക്കോടതി, ലേബർ കോടതികൾ, ഇൻഡസ്ട്രിയൽ ട്രിബ്യൂണലുകൾ എന്നിവിടങ്ങളിൽ 29 വർഷമായി പ്രാക്ടീസ് ചെയ്തുവരികയായിരുന്നു. തൊഴിൽനിയമം, ഭരണഘടനാനിയമം, സർവീസ് നിയമം എന്നിവയിൽ വിദഗ്ധയാണ്.
കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് വകുപ്പ്, ഇന്ത്യ ഗവൺമെന്റ്, ഇഎസ്ഐ കോർപറേഷൻ, ഗെയിൽ, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്, കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് എന്നിവയുടെ സ്റ്റാൻഡിങ് കോൺസലായും പ്രവർത്തിച്ചു. പീരുമേട് ചെന്തിലകം പരേതനായ അഡ്വ. ബി ആർ അരവിന്ദൻനായരുടെയും കൃഷ്ണമ്മയുടെയും മകളാണ്. എറണാകുളം ഗവ. ലോ കോളേജ് റിട്ട. അസോസിയറ്റ് പ്രൊഫസറും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളേജ് ഓഫ് ലോ പ്രിൻസിപ്പലുമായ ഡോ. എസ് എസ് ഗിരിശങ്കറാണ് ഭർത്താവ്.

