തിരുവനന്തപുരം: മൊബൈൽ ഫോൺ ക്യാമറ ഉപയോഗിച്ച് ചോദ്യപേപ്പർ സ്കാൻ ചെയ്ത് ഗൂഗിൾ ജെമിനൈ വഴി ഉത്തരം കണ്ടെത്തി പിഎസ്സി പരീക്ഷയ്ക്കിടെ കോപ്പിയടി. ഇന്നു കാലടി ഗവ.എച്ച്എസ് സ്കൂളിൽ നടത്തിയ ബീറ്റ് ഫോറസ്റ്റ് ഓഫിസർ പരീക്ഷയ്ക്കിടെയാണ് സംഭവം. സംഭവത്തിൽ വിഴിഞ്ഞം, മുല്ലൂർ സ്വദേശി അനീഷ് ബാബു (27), സഹായി വിഴിഞ്ഞം പനവിള സ്വദേശി അരുൺ (28) എന്നിവരെ കൈയ്യോടെ പിടികൂടി. അനീഷ് പരീക്ഷ എഴുതുന്നതിനിടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഇൻവിജിലേറ്റർ പരിശോധിച്ചപ്പോഴാണ് ബ്ലൂടൂത്ത് ഉപകരണം കണ്ടെത്തിയത്.
ഫോൺ ക്യാമറ ഉപയോഗിച്ച് ചോദ്യപ്പേപ്പർ സ്കാൻ ചെയ്ത് ഗൂഗിൾ ജെമിനൈ വഴി ഉത്തരം കണ്ടെത്താനായിരുന്നു പ്രതികളുടെ നീക്കമെന്ന് പൊലീസ് പറഞ്ഞു. രാവിലെ 10.30 മുതൽ 12.30 വരെയായിരുന്നു പരീക്ഷാ സമയം.
പരീക്ഷ തുടങ്ങി 15 മിനിട്ടിനുള്ളിൽ തന്നെ അനീഷിന്റെ കള്ളത്തരം പൊളിഞ്ഞു. നെഞ്ചിന്റെ ഭാഗത്തു ഫോണും കാലിലും ചെവിയിലും ഓരോ ബ്ലൂടൂത്ത് ഉപകരണങ്ങളും ഒളിപ്പിച്ചു വച്ചാണ് അനീഷ് പരീക്ഷാഹാളിൽ കടന്നത്. സംശയം തോന്നി ഇൻവിജിലേറ്റർ അറിയിച്ചതിനെ തുടർന്ന് പിഎസ്സി വിജിലൻസും ഫോർട്ട് പൊലീസും എത്തി പരിശോധിച്ചപ്പോഴാണ് മൊബൈൽ ഫോണും കാലിൽ ഘടിപ്പിച്ച ഉപകരണവും കണ്ടെത്തുന്നത്. തുടർന്ന് അനീഷിനെ സഹായിക്കാനായി പരീക്ഷാകേന്ദ്രത്തിനു പുറത്തുനിന്നിരുന്ന അരുണിനെയും പൊലീസ് പിടികൂടി. ഫോർട്ട് പൊലീസ് കേസ് റജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചു. പ്രതികളെ റിമാൻഡ് ചെയ്തു.

