വിപുലമായ ടൂറിസം ഇൻഫ്രാസ്ട്രക്ചറിന്റെ പിന്തുണയോടെ ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളെ സജീവമായ ടൂറിസം സീസണിലേക്ക് സ്വാഗതം ചെയ്യാൻ ഒരുങ്ങിയിരിക്കുകയാണ് ബഹ്റൈൻ.
വിനോദം, സംസ്കാരം, കായികം, ഷോപ്പിംഗ് എന്നിവ കോർത്തിണക്കിയുള്ള വിപുലമായ പരിപാടികളാണ് സഞ്ചാരികളെ വരവേല്‍ക്കാൻ, ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി ഒരുക്കുന്നത്.സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ബഹ്റൈന്റെ സ്ഥാനം കൂടുതല്‍ കരുത്തുറ്റതാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി.രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന വൈവിധ്യമാർന്ന സാംസ്കാരിക-കുടുംബ കേന്ദ്രീകൃത പരിപാടികൾ അടങ്ങുന്ന ഒരു കലണ്ടർ തന്നെ ഈ പ്രമോഷന്റെ ഭാഗമായി അധികൃതർ പുറത്തിറക്കി. തത്സമയ സംഗീതകച്ചേരികള്‍, നാടകങ്ങള്‍ എന്നിവ ഇതിന്റെ ഭാഗമായി അരങ്ങേറും. കൂടാതെ, എക്സിബിഷൻ വേള്‍ഡ് ബഹ്റൈനില്‍ നടക്കുന്ന ബഹ്റൈൻ സമ്മർ ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പും ഇത്തവണത്തെ പ്രധാന ആകർഷണമാണ്.വിനോദവും സംസ്കാരവും ഷോപ്പിംഗും ഒരേപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു സംയോജിത യാത്രാനുഭവമാണ് ബഹ്റൈൻ വാഗ്ദാനം ചെയ്യുന്നതെന്ന് ബിടിഇഎ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സാറ അഹമ്മദ് ബുഹിജി പറഞ്ഞു.
