പിണറായിയുടെ വീടിന് മുന്നിലെ ‘ജീപ്പ് സ്‌റ്റേഷൻ’ മാറ്റും, നടപടി സ്വീകരിക്കാൻ പൊലീസ്

  • Home-FINAL
  • Kerala
  • പിണറായിയുടെ വീടിന് മുന്നിലെ ‘ജീപ്പ് സ്‌റ്റേഷൻ’ മാറ്റും, നടപടി സ്വീകരിക്കാൻ പൊലീസ്

പിണറായിയുടെ വീടിന് മുന്നിലെ ‘ജീപ്പ് സ്‌റ്റേഷൻ’ മാറ്റും, നടപടി സ്വീകരിക്കാൻ പൊലീസ്


തിരുവനന്തപുരം∙ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണൂർ പിണറായി പാണ്ട്യാലമുക്കിലെ വീടിനു മുന്നിൽ കഴിഞ്ഞ ‘ജീപ്പ് സ്‌റ്റേഷൻ’ മാറ്റാനുള്ള നടപടികൾ സ്വീകരിക്കും. സംസ്ഥാന സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി ഉടൻ തന്നെ യോഗം ചേർന്ന് ഇക്കാര്യത്തിൽ കണ്ണൂർ പൊലീസിനു നിർദേശം നൽകും. യോഗത്തിന്റെ മിനിട്‌സ് ലഭിക്കുന്ന മുറയ്ക്ക് ജീപ്പ് അവിടെനിന്നു മാറ്റാൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി. ബാറ്ററിയില്ലാതെ തകരാറിലായ ജീപ്പ് കെട്ടിവലിച്ചു കൊണ്ടുപോകേണ്ടി വരുന്ന അവസ്ഥയിലാണുള്ളത്.
കഴിഞ്ഞ പത്തു വർഷമായി മുൻ മുഖ്യമന്ത്രിയുടെ റസിഡന്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക് അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളും അവർക്ക് ഏകആശ്രയമായിരുന്ന ജീപ്പിനെക്കുറിച്ചും വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിലാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പ്രതികരിച്ചത്. ഭരണമാറ്റം ഉണ്ടായതോടെയാണ് ജീപ്പ് സ്‌റ്റേഷന്റെ വാർത്തകൾ കൂടുതലായി പുറത്തുവന്നത്. ജീപ്പ് മാറ്റുന്നതോടെ ഈ ജീപ്പിനകത്ത് ഊഴം വച്ച് 24 മണിക്കൂറും ഇരിക്കേണ്ടിവന്നിരുന്ന പൊലീസുകാരുടെ ദുരിതത്തിനും അവസാനമാകും. പിണറായി വിജയൻ മുഖ്യമന്ത്രിയായതിനു പിന്നാലെയാണ് സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി പൊലീസ് വീടിനു മുന്നിൽ കാവൽ ഏർപ്പെടുത്തിയത്. പിന്നീടത് സ്ഥിരമായി. പൊലീസുകാർക്ക് വിശ്രമിക്കാനും രേഖകൾ സൂക്ഷിക്കാനുമായിട്ടാണ് പൊലീസ് ജീപ്പ് അവിടെയിട്ടത്. ബാറ്ററി അഴിച്ചുമാറ്റിയ നിലയിലാണ്. വണ്ടി കേടായതിനാൽ ഓടിക്കാനാകില്ല. 2014 മോഡൽ കെ.എൽ.01 ബി.ആർ. 9569 ജീപ്പാണ് ‘പൊലീസ് സ്റ്റേഷനാ’യി ഉപയോഗിക്കുന്നത്. പെരുമഴയത്തും കൊടുംചൂടിലും ജീപ്പിനുള്ളിൽ കഴിച്ചുകൂട്ടുകയാണ് പൊലീസുകാർ.

Leave A Comment