ഭക്ഷ്യസുരക്ഷയും തായ്‌ലൻഡുമായുള്ള വ്യാപാരബന്ധവും ശക്തമാക്കാൻ ഒരുങ്ങി ബഹ്‌റൈൻ.ഇതിന്റെ ഭാഗമായി തായ് തലസ്ഥാനമായ ബാങ്കോക്കിൽ വിവിധ ഉദ്യോഗസ്ഥരുമായും വാണിജ്യ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തുമെന്ന് ബഹ്‌റൈൻ ഇക്കണോമിക് ഡെവലപ്‌മെന്റ് ബോർഡ് അംഗം ഖാലിദ് അൽ അമീൻ അറിയിച്ചു.സ്വകാര്യ മേഖലയ്ക്കായി പുതിയ വിപണികൾ തുറക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.ഏഷ്യൻ തലത്തിൽ ഹലാൽ വ്യവസായത്തിലും ഉൽപ്പന്ന മേഖലയിലും ബഹ്റൈന് സ്ഥിരം പങ്കാളിത്തം ഉറപ്പാക്കുന്നതിനായുള്ള ചർച്ചകളും സന്ദർശനത്തിൽ നടക്കും. ഇതിനായി ചുലലോങ്കോൺ സർവകലാശാലയിലെ ഹലാൽ സെന്റർ പ്രസിഡന്റുമായി അൽ അമീൻ കൂടിക്കാഴ്ച നടത്തും. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി തായ്‌ലൻഡിലെ സ്വാൻ ഇൻഡസ്ട്രി കമ്പനി ലിമിറ്റഡുമായും ചർച്ചകൾ നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ, ഏഷ്യയിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ പ്രദർശനങ്ങളിലൊന്നായ ‘തൈഫെക്സ്-അനുഗ ഏഷ്യ’യുടെ സംഘാടകരുമായും കൂടിക്കാഴ്ച നടത്തും.

