പ്രവാസി കുടുംബങ്ങൾക്കായി മികച്ചൊരു വീക്കെൻഡാണ് ഗൾഫ് മാധ്യമം ഒരുക്കുന്നത്; പ്രവേശനം സൗജന്യം
ബഹ്റൈനിലെ ഏറ്റവും വലിയ ബിരിയാണി പാചകമത്സരം ഗൾഫ്മാധ്യമം ‘ലുലു ദം ദം ബിരിയാണി മേക്കിങ് കോണ്ടസ്റ്റി’ന്‍റെ ഗ്രാൻഡ് ഫിനാലെ ഫൈനൽ മേയ് 29 വെള്ളിയാഴ്ച. വൈകീട്ട് ആറു മുതൽ സിഞ്ച് ഗലേറിയ മാളിലെ ലുലു ഹൈപ്പർമാർക്കറ്റ് റൂഫ് ടോപ്പ് പാർക്കിങ്ങിൽ വെച്ച് നടക്കുന്ന മെഗാ പരിപാടിയിൽ പ്രശസ്ത അവതാരകനും പാചക വിദഗ്ധനുമായ രാജ് കലേഷ് (കല്ലു), ലോകപ്രശസ്ത പാചക വിദഗ്ധ ആബിദ റഷീദ് എന്നിവർ മുഖ്യാതിഥികളായെത്തും. പ്രവേശനം സൗജന്യമാണ്. ബലിപെരുന്നാൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ, ബിരിയാണി മത്സരത്തോടൊപ്പം സംഗീതം, ആകർഷകമായ ഫാമിലി ഗെയിമുകൾ എന്നിവ ഉൾപ്പെടുത്തി പ്രവാസി കുടുംബങ്ങൾക്കായി മികച്ചൊരു വീക്കെൻഡാണ് ഗൾഫ് മാധ്യമം ഒരുക്കുന്നത്. കൂടാതെ ഫാമിലികൾക്ക് പരിപാടിക്കിടെ ആകർഷകമായ ഗെയിമുകളിൽ പങ്കെടുക്കാനും സമ്മാനങ്ങൾ നേടാനുമുള്ള അവസരമുണ്ടാകും.സെമിഫൈനൽ പോരാട്ടത്തിൽ പങ്കെടുത്ത 30 മത്സരാർഥികളിൽ നിന്ന് തിരഞ്ഞെടുത്ത മികച്ച 10 ബിരിയാണി പാചക വിദഗ്ധർ ഫൈനലിൽ ലൈവായി ബിരിയാണി പാകം ചെയ്താണ് മത്സരത്തിൽ പങ്കെടുക്കുക. വിജയികളെ കാത്തിരിക്കുന്നത് ഗോൾഡ് കോയിനടക്കമുള്ള നിരവധി സമ്മാനങ്ങളാണ്.

