ബഹ്റൈനില്‍ നാഷണാലിറ്റി, പാസ്പോർട്ട്, റെസിഡൻസ് സേവനങ്ങളുമായി ബന്ധപ്പെട്ട അടിയന്തര ഫാസ്റ്റ് ട്രാക്ക് സൗകര്യങ്ങള്‍ ഇനി മുതല്‍ എല്ലാ സർവീസ് സെന്ററുകളിലൂടെയും ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും ലഭ്യമാകും.ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാഷണാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡൻസ് നല്കുന്ന സേവനങ്ങളുടെ ഫീസ് ഘടനയുമായി ബന്ധപ്പെട്ട 2014-ലെ 196-ാം നമ്പർ തീരുമാനത്തിലെ 68-ാം വകുപ്പിലാണ് ഭേദഗതി വരുത്തിയത്. അടിയന്തര സേവനം ആവശ്യമായ അപേക്ഷകർക്ക് ഓരോ ഇടപാടിനും 10 ബഹ്റൈനി ദിനാർ അധിക ഫീസ് നല്കി ഫാസ്റ്റ് ട്രാക്ക് സേവനം പ്രയോജനപ്പെടുത്താം.പൊതുജനങ്ങള്‍ക്ക് സർക്കാർ സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അല്‍ ഖലീഫ പുറപ്പെടുവിച്ച 2026-ലെ 60-ാം നമ്പർ തീരുമാനപ്രകാരമാണ് പരിഷ്കാരം നടപ്പിലാക്കിയത്

